ചണ്ഡീഗഡ്: അഗ്നിവീർ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. മുഖ്യമന്ത്രി നയാബ് സിങ് സൈനിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പൊലീസ് കോൺസ്റ്റബിൾ, മൈനിങ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡൻ, എസ്‌പിഒ (സ്‌പെഷൽ പൊലീസ് ഓഫിസർ) എന്നീ യൂണിഫോം തസ്‌തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റിൽ 10 ശതമാനം സംവരണം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിൻ്റെ ഗ്രൂപ്പ് ബി, സി തസ്‌തികകളിൽ അഗ്നിവീറുകൾക്ക് മൂന്ന് വർഷത്തെ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2022 ജൂൺ 15നാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമാകുന്ന (ഓഫിസർ റാങ്കിന് താഴെയുള്ള കേഡറിലേക്ക്) അഗ്നിവീറുകൾ നാല് വർഷത്തേക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതാണ് ഈ പദ്ധതി. എന്നാൽ വ്യാപക വിമർശനത്തിനും ഈ പദ്ധതി കാരണമായി. സൈന്യത്തിൽ നിന്ന് തിരിച്ചെത്തുന്ന യുവാക്കളുടെ ഭാവി എന്താകുമെന്നതായിരുന്നു വലിയ ചർച്ചകൾക്ക് വഴിവച്ചത്.
അതേസമയം അഗ്നിവീറുകൾ ഒപ്റ്റിമൈസ് ചെയ്‌ത അടിസ്ഥാന സൈനിക പരിശീലനത്തിനും സ്പെഷ്യലൈസ്‌ഡ് ട്രേഡ് പരിശീലനത്തിനും ശേഷം ആവശ്യാനുസരണം അപ്-സ്‌കില്ലിങ് കോഴ്‌സുകൾക്കും വിധേയമാകുന്നു. നാല് വർഷത്തെ സേവനം പൂർത്തിയാകുമ്പോൾ, ഓരോ പ്രത്യേക ബാച്ചിലെ അഗ്നിവീറുകളുടെയും 25 ശതമാനം വരെ ആളുകൾ സംഘടനാപരമായ ആവശ്യകതകളെ അടിസ്ഥാനമാക്കി സായുധ സേനയുടെ റെഗുലർ കേഡറിൽ എൻറോൾ ചെയ്യപ്പെടും.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) കോൺസ്റ്റബിൾ ലെവൽ തസ്‌തികകളിൽ മുൻ അഗ്‌നിവീറുകൾക്ക് 10 ശതമാനം ക്വാട്ടയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് സേവനമനുഷ്ഠിച്ചെത്തുന്ന അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ രംഗത്തെത്തിയത്. ഏതെങ്കിലും വ്യവസായ യൂണിറ്റ് മുൻ അഗ്നിവീറിന് പ്രതിമാസം 30,000 രൂപയിൽ കൂടുതൽ ശമ്പളം നൽകിയാൽ, ഹരിയാന സർക്കാർ ആ വ്യവസായ യൂണിറ്റിന് പ്രതിവർഷം 60,000 രൂപ സബ്‌സിഡി നൽകുമെന്ന് മുഖ്യമന്ത്രി സൈനി പറഞ്ഞു.
Also Read:സൈന്യത്തെ ദുര്‍ബലമാക്കാന്‍ ഇന്ത്യ സഖ്യം അനുവദിക്കില്ല; അഗ്നിവീറിനെതിരെ വീണ്ടും രാഹുല്‍