ന്യൂഡൽഹി :ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന എല്‍സിഎ മാർക്ക് 1എ യുദ്ധവിമാനം ഓഗസ്റ്റ് 15-നുള്ളില്‍ ഇന്ത്യൻ എയർഫോഴ്‌സിന് കൈമാറുമെന്ന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്. യുദ്ധ വിമാനം കൈമാറുന്നതിലുള്ള കാലതാമസം ചര്‍ച്ചയായതിനിടയിലാണ് ഈ വര്‍ഷം തന്നെ വിമാനം കൈമാറുമെന്ന് കമ്പനി അറിയിച്ചത്.
ഈ വർഷം സെപ്‌തംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലായി GE-404 എഞ്ചിനുകളുടെ വിതരണം ആരംഭിക്കുമെന്ന് അമേരിക്കൻ എഞ്ചിൻ നിർമ്മാതാക്കളായ GE ഉറപ്പുനൽകിയതിനാലാണ് ഡെലിവറി ഷെഡ്യൂളിലെ കാലതാമസം പരിഹരിക്കപ്പെടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഈ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണെന്നും ഈ വർഷം ഓഗസ്റ്റ് 15 ന് മുമ്പ് ആദ്യത്തെ വിമാനം എത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും പ്രതിരോധ വൃത്തങ്ങൾ വാര്‍ത്ത പറഞ്ഞു.
ഈ വർഷം ഫെബ്രുവരി-മാർച്ച് സമയപരിധിക്കുള്ളിൽ വിമാനം ഐഎഎഫിന് കൈമാറാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത് എന്നാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. വ്യോമസേനാ മേധാവി ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് വരികയാണ്.