ജയ്‌പായ്‌ഗുഡി:പശ്ചിമ ബംഗാളിലെ ജയ്‌പായ്‌ഗുഡിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നാല് മരണം. കുറച്ച് മിനിറ്റുകള്‍ മാത്രമാണ് ചുഴലിക്കാറ്റടിച്ചതെങ്കിലും കടുത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരിച്ചതില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്‌ത്രീയുമാണുള്ളത്. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. 65 പേര്‍ ജയ്‌പാല്‍ഗുഡി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.
തലയ്ക്കും മറ്റും മാരക പരിക്കേറ്റവരെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം സിലിഗുരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെന്ന് ജയപായ്‌ഗുഡി മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ഡോ. പ്രദീപ്‌കുമാര്‍ വര്‍മ്മ പറഞ്ഞു. ഞായറാഴ്‌ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് വീശിയത്. മരങ്ങള്‍ കടപുഴകി, വൈദ്യുതി തൂണുകള്‍ പലതും തകര്‍ന്നു വീണതോടെ വൈദ്യുതി ബന്ധവും നിലച്ചു. കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചിരിക്കുകയാണ്.
കാല്‍ബൈശാഖി, ജയ്‌പാല്‍ഗുഡി സദര്‍, മൈനാഗുഡി മേഖലകളിലാണ് ഏറ്റവും അധികം നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. നിരവധി വീടുകള്‍ തകര്‍ന്നു. കാറ്റ് മൂലം ജലസംഭരണികള്‍ പോലും ദൂരേക്ക് പറന്ന് പോയതായി റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ദുരന്ത നിവാരണ സേനയടക്കം രംഗത്തുണ്ട്.