ഗുജറാത്ത് : രാജ്‌കോട്ട് നഗരത്തിലെ ഗെയിമിങ് സോണിൽ വൈകുന്നേരം ഉണ്ടായ വൻ തീപിടിത്തത്തിൽ കുട്ടികളടക്കം 25 പേർ കൊല്ലപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാനും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും എസ്ഐടി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.
നാനാ മാവ റോഡിൽ സ്ഥിതി ചെയ്യുന്ന ടിആർപി ഗെയിമിങ് സോണിലെ താത്‌കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വേനൽ അവധിയായതിനാൽ മരിച്ചവരില്‍ കൂടുതല്‍ കുട്ടികളും ഉൾപ്പെടുന്നു.
'ഉച്ചയോടെ ടിആർപി ഗെയിമിങ് സോണിൽ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണ്. കഴിയുന്നത്ര മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്' -രാജ്‌കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ എഎൻഐയോട് പറഞ്ഞു.
25 മൃതദേഹങ്ങൾ സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഗെയിമിങ് സോൺ യുവരാജ് സിങ് സോളങ്കി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. അശ്രദ്ധയ്ക്ക് കേസ് രജിസ്‌റ്റർ ചെയ്യുമെന്നും രക്ഷാപ്രവർത്തനം പൂർത്തിയാക്കിയാലുടൻ കൂടുതൽ അന്വേഷണം നടത്തുമെന്നും രാജു ഭാർഗവ കൂട്ടിച്ചേര്‍ത്തു.