മഹാരാഷ്‌ട്ര: ഷിർദ്ദി അന്താരാഷ്ട്ര വിമാനത്താവളം കുടിശ്ശിക അടക്കാത്തതിനാൽ സ്ഥാവര ജംഗമ വസ്‌തുക്കൾ കണ്ടുകെട്ടുന്നതിനായി വാറണ്ട് പുറപ്പെടുവിച്ച് മഹാരാഷ്‌ട്രയിലെ കക്കാടി ഗ്രാമപഞ്ചായത്ത്. എട്ടര കോടിയുടെ നികുതി തുകയാണ് കുടിശ്ശികയായി കിടക്കുന്നത്. തുടർച്ചയായി കത്തുകൾ നൽകിയിട്ടും പ്രതികരണമൊന്നും നൽകാത്തതിനാലാണ് നടപടി സ്വീകരിച്ചത്.
മഹാരാഷ്‌ട്ര ഗ്രാമപഞ്ചായത്ത് ആക്‌ട് 1958 ലെ സെക്ഷൻ 129 പ്രകാരമാണ് നടപടി. 2024 മാർച്ച് 24-ന് 2023 ഫെബ്രുവരിയിൽ അയച്ച അവസാനത്തെ കത്തിൽ സെക്ഷൻ 129 പ്രകാരം നികുതി പിരിവ് സംബന്ധിച്ചുളള നികുതി പിരിവ് നോട്ടിസ്, ദേശീയ ലോക് അദാലത്ത് നോട്ടിസ്, ഗ്രാമപഞ്ചായത്ത് പ്രതിമാസ യോഗ പ്രമേയം, എന്നിവയിലെല്ലാം തന്നെ നികുതി അടച്ചിട്ടില്ല എന്ന് രേഖപ്പെടുത്തിയിരുന്നു.
അതിനാൽ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനായി മഹാരാഷ്‌ട്ര ഗ്രാമപഞ്ചായത്ത് നിയമ പ്രകാരം 1958 ലെ സെക്ഷൻ 124, സെക്ഷൻ 129 എന്നിവ പ്രകാരം ഡിമാൻഡ് ബില്ലുകൾ, നോട്ടിസ്, റിട്ട് ഉത്തരവുകൾ, ലോക് അദാലത്ത് വാറണ്ടുകൾ എന്നിവ പുറപ്പെടുവിച്ചു.
വിമാനത്താവളം നികുതി തുകയായ 8 കോടി 30 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഓഫിസിൽ അടയ്‌ക്കാത്തതിനാൽ തന്നെ ഗ്രാമത്തിൻ്റെ ദൈനംദിന പ്രവർത്തനവും വികസനവും പ്രശ്‌നത്തിലായി. അതിനാലാണ് കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനായി സ്ഥാവര ജംഗമ വസ്‌തുക്കൾ കണ്ടുകെട്ടുന്നതിനായി വാറണ്ട് പുറപ്പെടുവിച്ചത്. അടുത്ത നാല് ദിവസത്തിനുള്ളിൽ നികുതി അടച്ചില്ലെങ്കിൽ വിമാനത്താവളത്തിലെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് കക്കാടി-മൽഹാർവാഡി ഗ്രാമത്തിലെ സർപഞ്ച് പൂർവ ഗുഞ്ചാൽ പറഞ്ഞു.
Also Read:റൺവേ കടന്ന് വിമാനം; യാത്രക്കാർ സുരക്ഷിതർ