ബെംഗളൂരു: ഒരിക്കലെങ്കിലും വിമാനത്തിൽ കയറി ആകാശക്കാഴ്‌ചകൾ ആസ്വദിച്ച് ഒരു യാത്ര നടത്തണമെന്നത് ഏതൊരാളുടേയും ആഗ്രഹമാണ്. ഇവിടെ ബെലഗാവിയിൽ 17 ഓളം വിദ്യാർഥികൾക്ക് ആ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ഒരധ്യാപകൻ. സ്വന്തം ചെലവിലാണ് അധ്യാപകൻ ആ വിദ്യാർഥികളുടെ സ്വപ്‌നം സത്യമാക്കിയത്.
വിദ്യാർഥികൾ സ്ഥിരമായി സ്‌കൂളിൽ എത്താത്ത സാഹചര്യത്തിലാണ് ഒരു കൊല്ലം മുമ്പ് അധ്യാപകനായ പ്രകാശ് ദേയന്നവര ഇങ്ങനെയൊരു വിമാനയാത്ര വാഗ്‌ദാനം ചെയ്‌തത്. കുട്ടികൾക്ക് നൽകിയ വാഗ്‌ദാനം നടപ്പിലാക്കാൻ ഇന്നലെ (നവംബർ 7) ബെലഗാവി സാംബ്ര എയർപോർട്ട് വഴി 17 വിദ്യാർഥികളെയാണ് അദ്ദേഹം ഹൈദരാബാദിലേക്ക് കൊണ്ടുപോയത്.
ഹൈദരാബാദ് യാത്രയ്ക്കായി 2.50 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്. അതിൽ രണ്ട് ലക്ഷം രൂപ പ്രകാശ് ദേയന്നവരയാണ് വഹിക്കുന്നത്. ബാക്കി തുക വിദ്യാർഥികളിൽ നിന്ന് വാങ്ങി. സ്‌കൂളിൽ സ്ഥിരമായി വരുന്ന 17 വിദ്യാർഥികളെയാണ് പ്രകാശ് യാത്രയ്ക്ക് തെരഞ്ഞെടുത്തത്. ഹൈദരാബാദിലെത്തിയ വിദ്യാർഥികൾ റാമോജി ഫിലിം സിറ്റി, ചാർമിനാർ, ഗോൽക്കൊണ്ട ഫോർട്ട്, സലാർ ജംഗ് മ്യൂസിയം തുടങ്ങി പ്രധാനപ്പെട്ട ടൂറിസ്‌റ്റ് സ്‌പോട്ടുകൾ സന്ദർശിക്കും.
'ഗ്രാമീണ മേഖലകളിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. അതിനാൽതന്നെ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണവും കുറവായിരുന്നു. കുട്ടികൾ സ്ഥിരമായി സ്‌കൂളിലെത്താൻ വേണ്ടി ഞങ്ങൾ അവരിൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം സൃഷ്‌ടിച്ചു. ഇതിന് ശേഷം കുട്ടികൾ സ്ഥിരമായി സ്‌കൂളിൽ വരാൻ തുടങ്ങി. അതിനാലാണ് സ്ഥിരമായി സ്‌കൂളിൽ വരുന്ന 17 വിദ്യാർഥികളെ വിമാനത്തിൽ ഹൈദരാബാദിലേക്ക് കൊണ്ടുവന്നത്' എന്ന് അധ്യാപകൻ പ്രകാശ് ദേയന്നവര ഇടിവി ഭാരതിനോട് പറഞ്ഞു.