സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ മന്ത്രാലയമാണ് അപേക്ഷ ക്ഷണിച്ചത്. മുംബൈ ആസ്ഥാനമായിരിക്കും ജോലി, പരമാവധി അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. വ്യക്തിക്ക് 65 വയസ് ആകുകയോ, അഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയോ, ഏതാണ് ആദ്യം പൂര്‍ത്തിയാകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാകും നിയമന കാലയളവ്.
എത്രയാണ് ശമ്പളം?
പ്രതിമാസം 5.62 ലക്ഷം രൂപയായിരിക്കും ശമ്പളം. ശമ്പളത്തിന് പുറമെ വീടോ, വാഹനമോ പോലുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടില്ലെന്നും ധനകാര്യമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
Government invites application for new Sebi chief (DEPARTMENT OF Economic Affairs) എന്താണ് യോഗ്യത?
എംബിഎ (MBA), മേഖലയിലെ തൊഴില്‍ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. തസ്‌തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ധനകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലെ സാമ്പത്തിക കാര്യ വകുപ്പിന് കീഴിലുള്ള വിശദമായ അറിയിപ്പ് പരിശോധിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഫെബ്രുവരി 17 ആണ്.
വിവാദങ്ങള്‍ക്കൊടുവില്‍ മാധബി ബുച്ചി സ്ഥാനം ഒഴിയുന്നു
നിലവിലെ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിയുടെ കാലാവധി 2025 ഫെബ്രുവരി 28 ന് അവസാനിക്കും. മൂന്ന് വര്‍ഷത്തേക്കായിരുന്നു മാധബിയെ നിയമിച്ചത്. സെബി ചെയർപേഴ്‌സൺ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായിരുന്നു ഇവര്‍. ചെയർപേഴ്‌സൺ ആയിരിക്കെ അദാനി കമ്പനികളുമായി ബന്ധപ്പെട്ട് ബുച്ചിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഹിൻഡൻബര്‍ഗിന്‍റെ റിപ്പോര്‍ട്ടിലാണ് ബുച്ചിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നത്.
Read Also:ജോലി കണ്ടെത്തുന്നത് ഇനി കൂടുതൽ എളുപ്പം: പുതിയ എഐ ഫീച്ചർ അറിയാതെ പോകരുത് !!