ന്യൂഡൽഹി: സർക്കാർ ഓഫീസുകളില്‍ നിന്നുള്ള ആക്രി വിൽപനയിലൂടെ മൂന്ന് വർഷത്തിനുള്ളിൽ 2,364 കോടി രൂപ സമ്പാദിച്ച ഡിപ്പാർട്ട്‌മെന്‍റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡിനെ (ഡിപിഐഐടി) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള ആവശ്യമില്ലാത്ത വസ്‌തുവകകൾ വിറ്റഴിച്ച് 2,364 കോടി രൂപ ഇന്ത്യാ ഗവൺമെന്‍റ് സമ്പാദിച്ചതായി കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് സോഷ്യൽ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്.
'പ്രശംസനീയം!' എന്നാണ് പോസ്‌റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചത്. വൃത്തിയും സാമ്പത്തിക വിവേകവും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ പരിശ്രമങ്ങൾ സുസ്ഥിരമായ ഫലങ്ങളിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് നയങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സർക്കാർ ഏജൻസിയാണ് ഡിപ്പാർട്ട്‌മെന്‍റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡ് (ഡിപിഐഐടി).