ന്യൂഡൽഹി : ഭൂമി കയ്യേറ്റം ആരോപിച്ച് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ മുസ്‍ലിം പള്ളികളും ആരാധനാലയങ്ങളും വീടുകളും തകർത്ത സംഭവത്തില്‍ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. സംഭവത്തില്‍ ഹർജിക്കാരുടെ നിലപാട് അറിയിക്കാൻ സുപ്രീം കോടതി നാലാഴ്‌ച സമയം അനുവദിച്ചു. മുൻകൂർ അനുമതിയില്ലാതെ പാർപ്പിടങ്ങളും മതപരമായ കെട്ടിടങ്ങളും അനധികൃതമായി തകർത്തെന്നാരോപിച്ചാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്മദിയാണ് ഹാജരായത്.
ഗുജറാത്ത് അധികാരികൾക്കെതിരായ കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെ നാല് കേസുകള്‍ പരിഗണിച്ചാണ് കോടതി നാലാഴ്‌ച സമയം അനുവദിച്ചത്. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള പൊതുസ്ഥലങ്ങൾ കയ്യേറി എന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കാനാണ് പൊളിക്കല്‍ നടപടിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍ വാദം കേട്ട കോടതി ഹർജിക്കാരുടെ നിലപാട് അറിയിക്കാൻ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സെപ്‌റ്റംബര്‍ 29നാണ് ഭൂമി കയ്യേറ്റം ആരോപിച്ച് ഗുജറാത്തിൽ മുസ്‍ലിം പള്ളികളും ആരാധനാലയങ്ങളും വീടുകളും തകർത്തത്. ഗുജറാത്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് റിട്ട് ഹർജി ഫയല്‍ ചെയ്‌തത്. വിഷയത്തില്‍ അന്തിമമായി ഒരു തീരുമാനം അറിയിക്കാൻ ബെഞ്ച് ഹൈക്കോടതിയോട് അഭ്യർഥിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
അതേസമയം പൊതുഭൂമിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിന്‍റെ തുടർച്ചയായാണ് നടപടി എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുജറാത്ത് സർക്കാർ അറിയിച്ചു. എന്നാല്‍ സെപ്റ്റംബർ 17ന് കേസ് പരിഗണിച്ച കോടതി അനുമതിയില്ലാതെ ജനങ്ങളുടെ സ്വത്തിന് മേല്‍ കൈവക്കാനാകില്ല എന്ന് പരാമര്‍ശിച്ചിരുന്നു. അനുമതിയില്ലാതെയുള്ള പൊളിക്കല്‍ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്യുകയും നിയമവിരുദ്ധമായുള്ള പൊളിക്കല്‍ ഭരണഘടനയുടെ ധാർമ്മികതയ്‌ക്ക് വിരുദ്ധമാണെന്ന് നിരീക്ഷിക്കുകയും ചെയ്‌തിരുന്നു.