ഹൈദരാബാദ്: പുഷ്‌പ മോഡലില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ചവരെ പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. പള്ളി മണ്ഡലത്തിലെ മഡ്‌ഗി അന്തർ സംസ്ഥാന ആർടിഎ ചെക്ക്‌പോസ്റ്റിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് കോടി രൂപ വിലമതിക്കുന്ന 840 കിലോ കഞ്ചാവാണ് ലോറിയുടെ അടിഭാഗത്ത് പ്രത്യേകമായി ഒരുക്കിയ അറയ്‌ക്കുളളില്‍ നിന്നും കണ്ടെടുത്തത്.
മയക്കുമരുന്ന് ശേഖരത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എൻസിബി ഉദ്യോഗസ്ഥർ വെള്ളിയാഴ്‌ച (ഡിസംബര്‍ 13) രാവിലെ തന്നെ പരിശോധന ആരംഭിച്ചിരുന്നു. ഇതറിഞ്ഞ ലോറി ഡ്രൈവർ തെലങ്കാന-കർണാടക അതിർത്തി ചെക്ക്‌പോസ്റ്റിന് സമീപം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തുന്നത്.
ആന്ധ്ര-ഒഡീഷ അതിർത്തിയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താനിരുന്ന കഞ്ചാവാണ് പാതി വഴിയില്‍ പിടിക്കപ്പെട്ടത് എന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ പരിശോധനയ്‌ക്ക് ഹൈദരാബാദിലേക്ക് അയയ്ക്കുന്നതിന് മുന്‍പ് ലോറിയും പിടിച്ചെടുത്ത കഞ്ചാവും പ്രാഥമിക പരിശോധനയ്ക്കായി സഹീറാബാദ് മണ്ഡലിലെ ചിരാഗ്‌പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.