പൂനെയില്‍ ഗുണ്ടാവിളയാട്ടം (ETV Bharat) മഹാരാഷ്‌ട്ര:പൂനെയില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടാ വിളയാട്ടം. യുവതിയെ ജീവനോട് കുഴിച്ചുമൂടാന്‍ ശ്രമിച്ച ഗുണ്ടാസംഘത്തിനെതിരെ കേസെടുത്ത് പൊലീസ്. 4 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭാജി നത്തു ഖോപഡെ, താനാജി നത്തു ഖോപഡെ, ബാലു ഭോരേക്കർ, ഉമേഷ് രമേഷ് ജയ്‌സ്‌വാള്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ്.
പൂനെയിലെ രാജ്‌ഗഡ് സ്വദേശിയായ യുവതിയെയാണ് ജെസിബി ഉപയോഗിച്ച് എടുത്ത കുഴിയില്‍ മൂടാന്‍ ശ്രമിച്ചത്. കോണ്ട്‌വാല ഗ്രാമത്തില്‍ ഇന്നലെ (മെയ് 30) രാവിലെയാണ് സംഭവം. യുവതിയും കുടുംബവും താമസിക്കുന്ന വീടും സ്ഥലവും തങ്ങളുടേതാണെന്ന് പറഞ്ഞാണ് ഗുണ്ടാസംഘമെത്തിയത്. ഉടന്‍ വീടൊഴിഞ്ഞ് നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടു. ഇതോടെ വിസമ്മതിച്ച കുടുംബത്തെ സംഘം ഭീഷണിപ്പെടുത്തി.
സംഘത്തെ എതിര്‍ത്തതോടെ യുവതിയെ ഗുണ്ടകള്‍ ജെസിബി ഉപയോഗിച്ച് എടുത്ത കുഴിയിലേക്ക് തട്ടിവീഴ്‌ത്തുകയും പകുതിയോളം മണ്ണിട്ട് മൂടുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി. ഞാനും എന്‍റെ രണ്ട് പെണ്‍മക്കളും ഫാമില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഈ സമയത്താണ് ഗുണ്ടാസംഘമെത്തി വീടൊഴിയാന്‍ പറഞ്ഞതെന്നും യുവതിയുടെ അമ്മ പറഞ്ഞു. ജെസിബിയും ട്രാക്‌ടറുമായി എത്തിയ സംഘം വീട് അവരുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു.
നിങ്ങള്‍ ഉടന്‍ ഭൂമി തങ്ങള്‍ക്ക് കൈമാറണമെന്ന് പറഞ്ഞ് സംഘം ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അമ്മ പറഞ്ഞു. ഗുണ്ട സംഘം നേരത്തെയും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വെൽഹ പൊലീസ് അറിയിച്ചു.
Also Read:വീട് കയറി ആക്രമം, പിന്നാലെ ഒളിവില്‍; അച്‌ഛനും രണ്ടു മക്കളും ഉൾപ്പെട്ട ആറംഗ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ