ഹൈദരാബാദ് : ഒരു വർഷത്തിനുളളിൽ വെജിറ്റേറിയൻ യാത്രികനായി നൂറ് രാജ്യങ്ങൾ സഞ്ചരിക്കുകയെന്ന ലക്ഷ്യവുമായി തെലങ്കാന ജങ്കാവിൽ നിന്നും ഗന്ധേ രാമകൃഷ്‌ണ. സ്വന്തമായി ഒരു ഐടി സ്ഥാപനം കൈകാര്യം ചെയ്യുകയും വെജിറ്റേറിയൻ ജീവിതശൈലി നിലനിർത്തുകയും ചെയ്‌തുകൊണ്ട് ഇതിനോടകം തന്നെ 80 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
യാത്രകളുടെ തുടക്കം
തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് ജനനം. തൻ്റെ അമ്മയ്‌ക്ക് നൽകിയ ഉറപ്പിനാൽ ലോകം മുഴുവൻ യാത്ര നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു. അൻപത് കോടിയുടെ വിറ്റുവരവുള്ള ഐടി കൺസൾട്ടിങ് സ്ഥാപനം ഉണ്ടായിരുന്നിട്ടും തൻ്റെ പ്രൊഫഷണൽ നേട്ടങ്ങളേക്കാൾ അമ്മയുടെ സ്വപ്‌നത്തിന് മുൻഗണന നൽകാൻ രാമകൃഷ്‌ണ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ ലക്ഷ്യം എന്നത് ഒരു വർഷത്തിനുളളിൽ വെജിറ്റേറിയൻ ജീവിതശൈലി പിന്തുടർന്ന് കൊണ്ട് 100 രാജ്യങ്ങൾ സന്ദർശിക്കുകയെന്നതാണ്.
വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം
രാമകൃഷ്‌ണയുടെ ജീവിതം തന്നെ ഒരു പോരാട്ടമായിരുന്നു. അമ്മയ്ക്ക് ഗുരുതരമായ അസുഖം ബാധിച്ചതിനെത്തുടർന്ന് മുത്തശ്ശിയാണ് അദ്ദേഹത്തെ വളർത്തിയത്. അതിനാൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വന്നു.
ഈ പ്രതിസന്ധികൾക്കിടയിലും തൻ്റെ പഠനം ഉപേക്ഷിക്കാൻ രാമകൃഷ്‌ണ തയ്യാറായില്ല. പഠനത്തിൽ മികവ് പുലർത്തുന്നതിന് പുറമേ കുച്ചിപ്പുടിയിലും പ്രാവീണ്യം നേടി. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കുകയും ചെയ്‌തു. പഠനത്തോടൊപ്പം തന്നെ റിയൽ എസ്റ്റേറ്റിൽ പാർട്ട് ടൈമായി ജോലി ചെയ്‌ത് കുടുംബം പുലർത്തുകയും ചെയ്‌തു.
വിദ്യാഭ്യാസം പൂർത്തിയാക്കി വിദേശത്ത് ജോലി ലഭിച്ചതോടെ തൻ്റെ സ്വപ്‌നങ്ങൾ പൂവണിയുകയായിരുന്നു. പിന്നീട് അദ്ദേഹം യുഎസിൽ ഐടി കൺസൾട്ടിങ് കമ്പനി സ്ഥാപിക്കുകയും നിരവധി പേർക്ക് ജോലി നൽകുകയും ചെയ്‌തു.
കണ്ടെത്തലിൻ്റെ യാത്ര
അമ്മയ്ക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റുന്നതിനായി രാമകൃഷ്‌ണ ഒരു വർഷം മുൻപ് 'ആർകെ വേൾഡ് ട്രാവലർ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തൻ്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കാനുള്ള വേദിയായി ആ ചാനൽ മാറി. ഇന്നുവരെ 350 വീഡിയോകളാണ് അപ്‌ലോഡ് ചെയ്‌തിട്ടുളളത്. സംസ്‌കാരങ്ങൾ, ഭൂപ്രകൃതികൾ, എന്നിവയാണ് തൻ്റെ വീഡിയോയിലൂടെ പങ്കുവെച്ചത്.