കേരളം

kerala

ETV Bharat / bharat

മായം കലർന്ന പാനി പൂരി കണ്ടെത്താൻ മിന്നൽ പരിശോധന; സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കാൻ നിർദേശം - FSSAI Surprise Inspection - FSSAI SURPRISE INSPECTION

മായം കലർന്ന പാനിപ്പൂരി കണ്ടെത്താൻ രാജ്യത്തുടനീളം പരിശോധന നടത്താൻ എല്ലാ ഭക്ഷ്യസുരക്ഷ അതോറിറ്റികൾക്കും നിർദേശം നൽകി എഫ്എസ്എസ്എഐ.

FSSAI  FOOD SAFETY AUTHORITIES  ADULTERATED PANIPURI  പാനിപ്പൂരി
Representational image (Etv Bharat)

By ETV Bharat Kerala Team

Published : Jul 4, 2024, 10:19 PM IST

ന്യൂഡൽഹി : പാനി പൂരി കടകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മിന്നൽ പരിശോധന. ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ശരീരത്തിന് അപകട സാധ്യതയുണ്ടാക്കുന്നതുമായ ചേരുവകൾ പണിപൂരിയിൽ കലർത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് പരിശോധന നടത്താൻ രാജ്യത്തുടനീളമുള്ള എല്ലാ ഭക്ഷ്യസുരക്ഷ അതോറിറ്റികൾക്കും എഫ്എസ്എസ്എഐ നിർദേശം നൽകി.

"പാനി പൂരി കഴിച്ചതിന് ശേഷം ആളുകളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചത്. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ മുഴുവന്‍ പാനി പൂരി കടകളിലും മിന്നൽ പരിശോധന നടത്താൻ എല്ലാ ഭക്ഷ്യസുരക്ഷ അതോറിറ്റികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്" എന്ന് എഫ്എസ്എസ്എഐ മുതിർന്ന ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.

അമിതമായി പാനി പൂരി കഴിക്കുന്നതിലൂടെ വയറുവേദന, ഹൃദ്രോഗം, ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു. അടുത്തിടെ കർണാടകയിലുടനീളം എഫ്എസ്എസ്എഐ നടത്തിയ പരിശോധനയിൽ 22 ശതമാനം കടകളും സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നത് കണ്ടെത്തിയിരുന്നു.

കർണാടകയിൽ വിൽക്കുന്ന പാനി പൂരിയുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി 260 സാമ്പിളുകളാണ് ശേഖരിച്ചത്. അതിൽ 41 എണ്ണത്തിൽ കൃത്രിമ കളറും സോസ്, മുളകുപൊടി തുടങ്ങിയവയിൽ കാൻസറിന് ഇടയാക്കുന്ന രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ളതായും കണ്ടെത്തിയിരുന്നു.

കൂടാതെ ബ്രില്യൻ്റ് ബ്ലൂ, സൺസെറ്റ് യെല്ലോ, ടാർട്രാസൈൻ തുടങ്ങിയ രാസവസ്‌തുക്കളും പാനി പൂരിയിൽ ഉപയോഗിക്കുന്നതായും കണ്ടെത്തി. ബ്രില്യൻ്റ് ബ്ലൂ, അല്ലെങ്കിൽ സാധാരണയായി ബ്ലൂ 1 എന്നറിയപ്പെടുന്ന രാസവസ്‌തു പെട്രോളിയത്തിൽ നിന്ന് നിർമിക്കുന്ന ഒരു സിന്തറ്റിക് ഡൈയാണ്. ഇതിന്‍റെ വലിയ അളവിലുള്ള ഉപയോഗം അലർജി, ചർമ്മത്തിലെ തിണർപ്പ്, ചർമം ചുവന്നു തടിക്കുക എന്നിവയ്ക്ക് കാരണമാകുന്നു.

ഭക്ഷണ പദാർഥങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സൺസെറ്റ് യെല്ലോയുടെ അമിത ഉപയോഗം ഓക്കാനം, ചുണങ്ങ്, മൂക്കൊലിപ്പ് എന്നിവയ്ക്ക് പുറമെ വൃക്ക വീക്കം, ക്രോമസോം തകരാറിലാകുക തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. ഫുഡ് കളറിങ്ങിനായി ഉപയോഗിക്കുന്ന ടാർട്രാസൈനിന്‍റെ അധിക ഉപയോഗം ഉർട്ടികാരിയ, ആൻജിയോഡീമ എന്നീ അസുഖങ്ങൾക്കും വഴിയൊരുക്കും. അതേസമയം ഏതെങ്കിലും തരത്തിലുള്ള രാസവസ്‌തുക്കൾ പാനിപൂരിയിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Also read: പാനി പൂരി എന്ന വില്ലന്‍, നിറവും രുചിയും കണ്ട് അടുത്തുകൂടിയാല്‍ പണികിട്ടും; കാന്‍സര്‍ പോലും കയ്യകലെ

ABOUT THE AUTHOR

...view details