ഹൈദരാബാദ് :ജീഡിമെറ്റ്‌ലയിൽ വളർത്തമ്മയെ ആണി തലയില്‍ കുത്തിയിറക്കിക്കൊന്നു. ജീഡിമെറ്റ്‌ല സ്വദേശിനി ജയമ്മ (64)യെയാണ് വളർത്തു മകൻ വേണു കുത്തിക്കൊന്നത്. വേണുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
സംഭവമിങ്ങനെ...
അഞ്ച് പെൺമക്കളുണ്ടായിരുന്ന ജയമ്മ, വേണുവിന് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് ബന്ധുക്കളിൽ നിന്ന് ദത്തെടുത്തത്. പിന്നീട് ജയമ്മയ്ക്ക് ആണ്‍ കുഞ്ഞ് ജനിക്കുകയും ഇരുവരെയും ജയമ്മ വളര്‍ത്തുകയുമായിരുന്നു. ഒരു വര്‍ഷത്തിലധികമായി ജയമ്മയുടെ മകനെ കാണാനില്ല.
മദ്യത്തിന് അടിമയായിരുന്ന വേണുവിന്‍റെ അതിക്രമങ്ങളെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. പണം ആവശ്യപ്പെട്ട് വേണു ജയമ്മയുമായും വഴക്കിടുമെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെ, അമ്മയോട് 4 ലക്ഷം രൂപ വേണു ആവശ്യപ്പെട്ടിരുന്നു. ഇതെച്ചൊല്ലി വഴക്കും പതിവായിരുന്നു.
മദ്യലഹരിയിലായിരുന്ന വേണു ബുധനാഴ്‌ച രാത്രി ജയമ്മയുമായി പണത്തെച്ചൊല്ലി വഴക്കുണ്ടാക്കി. പണം നൽകാൻ കഴിയില്ലെന്ന് ജയമ്മ പറഞ്ഞതോടെ വേണു ചുമരിൽ അടിച്ചിരുന്ന വലിയ ആണി വലിച്ചൂരി ജയമ്മയുടെ നെറ്റിയിൽ കുത്തിയിറക്കുകയായിരുന്നു. തലയില്‍ മാരകമായി പരിക്കേറ്റ ജയമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി വേണുവിനെ അറസ്റ്റ് ചെയ്‌തു.
അതേസമയം, കഴിഞ്ഞ 18 മാസമായി ജയമ്മയുടെ മകൻ വിനോദിനെ (24) കാണാനില്ല. ഒരു വർഷം മുമ്പാണ് വിനോദ് വീടുവിട്ടിറങ്ങിയതെന്നും എവിടെയാണെന്ന് അറിവായിട്ടില്ലെന്നും പൊലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. വിനോദിന്‍റെ തിരോധാനവുമായി വേണുവിന് ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
Also Read :അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊന്നു