ന്യൂഡൽഹി :2024-25 ലെ കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച എൻപിഎസ് വാത്സല്യ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 2024 സെപ്‌റ്റംബർ 18നാണ് പദ്ധതിയുടെ ഉദ്‌ഘാടനം. സ്‌കൂൾ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുക്കും.
എൻപിഎസ് വാത്സല്യ വരിക്കാരാകുന്നതിനും സ്‌കീം ബ്രോഷർ പ്രകാശനം ചെയ്യുന്നതിനും പുതിയ മൈനർ വരിക്കാർക്ക് പെർമനന്‍റ് റിട്ടയർമെന്‍റ് അക്കൗണ്ട് നമ്പർ (പിആർഎഎൻ) കാർഡുകൾ വിതരണം ചെയ്യുന്നതിനും ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം കേന്ദ്ര ധനമന്ത്രി അനാച്‌ഛാദനം ചെയ്യും. ലോഞ്ചിനോട് അനുബന്ധിച്ച്, രാജ്യത്തുടനീളമുള്ള 75 ലൊക്കേഷനുകളിൽ ഒരേസമയം എൻപിഎസ് വാത്സല്യ പരിപാടികൾ സംഘടിപ്പിക്കും. ഈ സ്ഥലങ്ങൾ വീഡിയോ കോൺഫറൻസ് വഴി ബന്ധിപ്പിക്കുകയും പുതുതായി പദ്ധതിയിൽ ചേരുന്ന കുട്ടികൾക്ക് അതത് വേദികളിൽ വച്ച് പിആർഎഎൻ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.
ഒരു നിശ്ചിത തുക അക്കൗണ്ടിൽ നിക്ഷേപിച്ച് കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ എൻപിഎസ് വാത്സല്യ മാതാപിതാക്കളെ പ്രാപ്‌തരാക്കും. ഇതിലൂടെ ദീർഘകാല സമ്പത്ത് ശേഖരണവും ഉറപ്പാക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
എൻപിഎസ് വാത്സല്യ സുതാര്യമായ സംഭാവനയും നിക്ഷേപ ഓപ്‌ഷനുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ പദ്ധതിയിൽ മാതാപിതാക്കൾക്ക് 1000 രൂപ മുതൽ നിക്ഷേപം നടത്താൻ സാധിക്കും. കുട്ടിയുടെ പേരിൽ പ്രതിവർഷം 1,000 രൂപ, എല്ലാ സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾക്ക് ഇത് ലഭ്യമാക്കാൻ കഴിയും.
ഇന്ത്യയിലെ പെൻഷൻ സമ്പ്രദായത്തിലെ ഒരു സുപ്രധാന ചുവടുവയ്‌പ്പാണ് ഇത്. രക്ഷിതാക്കള്‍ക്ക് ഇനി മക്കളുടെ പെന്‍ഷന്‍ കൂടി ആസൂത്രണം ചെയ്യാം എന്നതാണ് ഈ പദ്ധതിയുടെ ഹൈലൈറ്റ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിലായിരിക്കും പദ്ധതി കൈകാര്യം ചെയ്യുക.
ദീർഘകാല സാമ്പത്തിക ആസൂത്രണവും എല്ലാവർക്കും സുരക്ഷിതത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്‍റെ സമർപ്പണമാണ് എൻപിഎസ് വാത്സല്യ എന്ന് സർക്കാരിന്‍റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് കൊണ്ട് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഭാവി തലമുറയുടെ സാമ്പത്തിക ഭദ്രതയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണ് ഇത് എന്നും മന്ത്രാലായം കൂട്ടിച്ചേർത്തു.