കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതി ആക്രമിക്കാന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പിടിയില്‍. വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെയാണ് സംഘം ആസൂത്രണം നടത്തിയതെന്നും കൊല്‍ക്കത്ത പൊലീസ് പറഞ്ഞു.
രണ്ട് സ്‌ത്രീകളടക്കമുള്ളവരാണ് പിടിയിലായത്. കൃഷ്‌ണ ഘോഷ്, ബര്‍ഷ ഘോഷ്, ശുഭം സെന്‍ ശര്‍മ്മ, അരിജിത് ദേ, സ്വാഗതോ ബാനര്‍ജി എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന നടന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പ് അഡ്‌മിനുകളാണ് ദേയും സ്വാഗതോയും. മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കാനായി ഒരു സ്ഥലത്ത് സംഘടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ശബ്‌ദ സന്ദേശങ്ങളടക്കം നിരവധി സാമൂഹ്യമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.
പുതുതായി രൂപം കൊടുത്ത ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുള്ളത്. ഇതിന് പുറമെ യുവ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം നടത്തിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്‌തു. പ്രൊബിര്‍ ദാസ്, സയന്‍ ലാഹിരി, സുവാന്‍കര്‍ ഹല്‍ദര്‍ എന്നിവരെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഹല്‍ദറിനെയും ലാഹിരിയേയും നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. ദാസിനെ ഇന്നാണ് അറസ്റ്റ് ചെയ്‌തത്.
ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടികളില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച നഗരത്തിലെ പല തെരുവുകളും അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷ മേഖലകളായി മാറിയുന്നു. ഇതേ തുടര്‍ന്ന് 220 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മാര്‍ച്ചിന് മുമ്പ് 25 പേരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്‌തിരുന്നു. ഈ 25 പേരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതിനിടെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതകത്തിന്‍റെ അന്വേഷണം സിബിഐ ഏറ്റെടുത്തിട്ടുണ്ട്.
Also Read:ബലാത്സംഗ കേസില്‍ തൂക്കുകയർ; നിയമ ഭേദഗതിക്കൊരുങ്ങി പശ്ചിമബംഗാള്‍