ദുര്‍ഗാപൂര്‍ : പശ്ചിമബംഗാളിലെ ബര്‍ദാന്‍-ദുര്‍ഗാപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ദിലീപ് ഘോഷിനെതിരെ പരാതി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പിതൃത്വം സംബന്ധിച്ച് അപകീര്‍ത്തികരമായ പ്രസ്‌താവനകള്‍ നടത്തിയെന്നാരോപിച്ചാണ് കേസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ദിലീപ് ഘോഷ് മമതയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
സ്ഥലത്തെ ഒരു വീട്ടമ്മയാണ് ദിലീപ് ഘോഷിനെതിരെ ദുര്‍ഗാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷ നിയമം 504, 509 പ്രകാരമാണ് പരാതി നല്‍കിയിട്ടുള്ളത്. കാജല്‍ദാസ് എന്ന വീട്ടമ്മയാണ് പരാതി നല്‍കിയത്.
ടിവിയിലും സാമൂഹ്യമാധ്യമങ്ങളിലുമാണ് മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ താന്‍ കണ്ടതെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. താന്‍ ഒരു രാഷ്‌ട്രീയ കക്ഷിയിലും പെട്ട ആളല്ല. ദീദി ഒരു സ്‌ത്രീയാണ്. താനും ഒരു സ്‌ത്രീയാണ്. ഇത്തരത്തില്‍ ഒരു സ്‌ത്രീയെ അപമാനിക്കുന്നതിനെതിരെയാണ് താന്‍ പരാതി നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിനെതിരെ നിയമനടപടികള്‍ കൈക്കൊള്ളണം.
ദിലീപ് ഘോഷിനെതിരെ അഭിഭാഷകരുടെ ഒരു സംഘവും പരാതി നല്‍കിയിട്ടുണ്ട്. ദിലീപ് ഘോഷ് എപ്പോഴും മോശമായി സംസാരിക്കാറുണ്ട്. മുമ്പും മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ദിലീപ് തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് മറ്റൊരു അഭിഭാഷകനും ചൂണ്ടിക്കാട്ടി.
ദിലീപ് ഘോഷിനെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ തന്നെ പ്രമുഖ വനിതയായ ഒരു മുഖ്യമന്ത്രിക്ക് നേരെ ഇത്തരത്തില്‍ ഒരു പരാമര്‍ശം ഒരു എംപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് അത്യന്തം ലജ്ജാകമാണെന്ന് അഭിഭാഷക ബൈശാഖി ബാനര്‍ജി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള അവകാശം ദിലീപ് ഘോഷിന് ഇതോടെ ഇല്ലാതായിരിക്കുന്നു. ഇത്തരമൊരാള്‍ ജയിച്ചാല്‍ സ്‌ത്രീകളോട് എന്ത് മനോഭാവമാകും ഇയാള്‍ കൈക്കൊള്ളുക എന്ന് ആളുകള്‍ ചിന്തിക്കും എന്നും അവര്‍ വ്യക്തമാക്കി.
പിന്നീട് തന്‍റെ പരാമര്‍ശങ്ങളില്‍ ഘോഷ് ഖേദം പ്രകടിപ്പിച്ചു. ദിലീപ് ഘോഷിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിയും രംഗത്ത് എത്തിയിരുന്നു. ബിജെപി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കി. എന്നാല്‍ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്. ഇക്കുറി തെരഞ്ഞെടുപ്പ് കമ്മിഷനെ അമ്മാവന്‍ എന്ന് വിളിച്ചിരിക്കുകയാണ് ഘോഷ്.
തന്നെ അങ്കത്തട്ടില്‍ നേരിടാനാകാത്തതിനാല്‍ അമ്മാവന്‍റെ ചെവി കടിച്ച് പറിക്കാന്‍ പോയിരിക്കുന്നുവെന്നാണ് പരാമര്‍ശം. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കും ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കമ്മിഷനെ തങ്ങള്‍ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അവരാരും ഗവര്‍ണറെ സമീപിച്ചിട്ടില്ല എന്നാലിപ്പോള്‍ ഗവര്‍ണറുടെ അടുത്ത് പോകുകയും ചായ കുടിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവര്‍ക്ക് പോരാടാന്‍ കഴിയാത്തതിനാലാണ് ഇതൊക്കെയെന്നും ഘോഷ് ആരോപിച്ചു.
Also Read:ബംഗാൾ ബിജെപി അധ്യക്ഷന് 24 മണിക്കൂർ പ്രചാരണവിലക്ക്
ബുധനാഴ്‌ച തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പത്തംഗ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അരിസ് അഫ്‌താബിനെ കണ്ടിരുന്നു. കാരണം കാണിക്കല്‍ നോട്ടിസ് മാത്രം പോരാ ദിലീപ് ഘോഷിനെ കുറച്ച് കാലത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും സംഘം ആവശ്യപ്പെട്ടു. ഇതിന് ശേഷം ബര്‍ദ്വാന്‍-ദുര്‍ഗാപൂര്‍ തെരഞ്ഞെടുപ്പ് ഓഫിസര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.