ന്യൂഡൽഹി :കര്‍ഷക സമരത്തെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് മാപ്പു പറയണമെന്ന് കർഷക സംഘടനകള്‍. കങ്കണയുടെ പരാമര്‍ശം അപകീര്‍ത്തികരവും വസ്‌തുതാവിരുദ്ധവുമാണെന്നും പറഞ്ഞ സംഘടനകള്‍ പരാമര്‍ശത്തെ ശക്തമായി അപലപിച്ചു. കങ്കണ നിരന്തരം കർഷകര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നുണ്ടെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.
'ഇത്തരത്തിലുള്ള പ്രസ്‌താവനകൾ സാമൂഹിക ഘടനയെ നശിപ്പിക്കുകയും താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ആളുകളുടെ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്യും. അവരുടെ വിശ്വാസ്യതയെയും ഇത് ബാധിക്കും.'- ബികെയു (ഷഹീദ് ഭഗത് സിങ്) പ്രസിഡന്‍റ് അമർജീത് സിങ് മൊഹ്‌രി ഇടിവി ഭാരതിനോട് പറഞ്ഞു.
'കങ്കണ റണാവത്ത് ഇത്തരം പ്രസ്‌താവനകളിലൂടെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നിയന്ത്രിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഇത് പാർട്ടിയുടെ സാധ്യതകളെ ബാധിക്കും.'- ബികെയു (നോൺ-പൊളിറ്റിക്കൽ) അംഗമായ ധർമേന്ദ്ര മാലിക് ഇടിവി ഭാരതിനോട് പറഞ്ഞു.
റണാവത്തിന്‍റെ അഭിപ്രായങ്ങള്‍ അപകീർത്തികരവും വസ്‌തുതാവിരുദ്ധവുമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു. ഇന്ത്യയിലെ കർഷക പ്രസ്ഥാനത്തെ ദേശവിരുദ്ധമെന്ന് വിളിക്കുന്നതിന് മുമ്പ് കങ്കണ അതിന്‍റെ ചരിത്രവും രാഷ്‌ട്രീയവും പഠിക്കാൻ ശ്രമിക്കണമെന്ന് എസ്‌കെഎം നിര്‍ദേശിച്ചു. അനുചിതവും തെറ്റായതുമായ പ്രസ്‌താവനകൾക്ക് ബിജെപി എംപി കർഷകരോട് നിരുപാധികം മാപ്പ് പറയണമെന്നും എസ്കെഎം ആവശ്യപ്പെട്ടു.
വിവാദപരമായ പ്രസ്‌താവനകൾ നടത്തി പേരും പ്രശസ്‌തിയും നേടാനാണ് കങ്കണ റണാവത്ത് ശ്രമിക്കുന്നതെന്ന് മറ്റൊരു കർഷക നേതാവ് ഗുരംനീത് മങ്ങാട്ട് ഇടിവി ഭാരതിനോട് പറഞ്ഞു. ഇപ്പോൾ അവരുടെ പാർട്ടി തന്നെ അവരെ തള്ളിപ്പറഞ്ഞതായും ഗുരംനീത് ചൂണ്ടിക്കാട്ടി.