ചണ്ഡീഗഡ്: മാർച്ച് 6 ന് ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കാൻ ഒരുങ്ങി കർഷകർ (The Farmers Are Set To Resume Their 'Delhi Chalo' March On March 6). ചൊവ്വാഴ്‌ച മുതലാണ് രാജ്യ തലസ്ഥാനത്തേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ ആഹ്വാനം ചെയ്‌തത്. മാർച്ച് 10 ന് റെയിൽവേ ട്രാക്കുകളിൽ ഉപരോധം നടത്താനും ആഹ്വാനം ചെയ്‌തതായി കർഷക നേതാവ് സർവൻ സിംഗ് പന്ദർ അറിയിച്ചു.
ഫെബ്രുവരി 13 മുതൽ ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി എന്നിവിടങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. ഖനൗരിയിൽ വച്ച് കർഷകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫെബ്രുവരി 29 വരെ മാർച്ച് നിർത്തിവച്ചിരുന്നു. എന്നാൽ അതിനു ശേഷവും അതിർത്തിയിൽ തന്നെ തുടരുകയായിരുന്നു കർഷകർ.
"മാർച്ച് 6 ന് തലസ്ഥാനത്തേക്കുള്ള മാർച്ച് പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 10 ന് രാജ്യത്തുടനീളം ഉച്ചയ്ക്ക് 12 മണി മുതൽ 4 വരെ റെയിൽവേ ട്രക്കുകൾ ഉപരോധിക്കും. സമരത്തിലേക്ക് ട്രാക്‌ടർ ട്രോളിയിൽ എത്താൻ കഴിയാത്ത ദൂരെ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ട്രെയിനുകളിലും മറ്റ് വാഹനങ്ങളിലും ഡൽഹിയിൽ എത്തിച്ചേരണം. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ തങ്ങൾ സമരം തുടരും" പാന്ദേർ അറിയിച്ചു.
കൊല്ലപ്പെട്ട യുവ കർഷകൻ ശുഭകരൻ സിംഗിനായി നടത്തിയ പ്രത്യേക പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്രവുമായി നടത്തിയ നാല് റൗണ്ട് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് മാർച്ച് പുനനരാരംഭിക്കാൻ തീരുമാനിച്ചത്.