ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്തേക്കുള്ള കർഷകരുടെ 'ഡൽഹി ചലോ' മാർച്ച് പുനരാരംഭിക്കുന്നതിനിടെ ശംഭു അതിര്‍ത്തിയില്‍ സംഘര്‍ഷം. കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ച് പൊലീസ് (Clashes at Shambhu border; farmers starts 'Delhi Chalo' march to the national capital).
ഇന്ന് 11 മണിയ്ക്ക് 'ഡൽഹി ചലോ' മാർച്ച് പുനരാരംഭിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരുന്നത്. ഇതിനായി സര്‍വസന്നാഹങ്ങളുമായി കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ എത്തിയിരുന്നു. ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ പൊലീസിന്‍റെ നിയന്ത്രണങ്ങൾ മറികടക്കാൻ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്.
എന്നാല്‍ മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഹരിയാന പൊലീസും, കേന്ദ്രസേനയും ചേര്‍ന്ന് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലും, ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചാണ് കേന്ദ്രസേന കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയേഗിച്ചത്. എന്നാല്‍ ഇതിനെതിരെ പട്ടം പറത്തി ഡ്രോണുകള്‍ കുരുക്കിയിടാനുള്ള ശ്രമം സമരക്കാര്‍ തുടരുകയാണ്.
ഘനോര്‍, കുരുക്ഷേത്ര അതിര്‍ത്തികളിലും കര്‍ഷകര്‍ തമ്പടിക്കുന്നുണ്ട്. അവിടെയും ഇത്തരത്തിലുള്ള മാര്‍ച്ച് തുടങ്ങാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ഡല്‍ഹി അതിര്‍ത്തിയിലടക്കം സുരക്ഷ ശക്തമാക്കി വലിയ തോതിലുള്ള സേന വിന്യാസമാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.
കർഷകർ ഇപ്പോഴും ദേശീയ തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്ററിലധികം അകലെയാണെങ്കിലും, കനത്ത ബാരിക്കേഡുകളുള്ള അതിര്‍ത്തികൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡൽഹി പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം സമരമുഖത്തുനിന്നും പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.
നാലാമത്തെ ചർച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കർഷകർ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറായത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡൽഹിയിൽ തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുക എന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വച്ചിരിക്കുന്നത്.
എന്നാല്‍ കർഷക മുന്നേറ്റത്തെ ഏതുവിധേനയും നേരിടാൻ പൊലീസും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കർഷകരുടെ മുന്നേറ്റത്തെ തടയാൻ റോഡിൽ ഇതിനോടകം കോൺക്രീറ്റ് ബാരിക്കേടുകളും മുൾവേലികളും നിരത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കർഷകർ കടക്കാനാണ് സാധ്യത.