ന്യൂഡല്‍ഹി: 'ദില്ലി ചലോ' മാര്‍ച്ചില്‍ പങ്കെടുക്കാനായി പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് (Farmers from Punjab Left To Delhi Chalo March). നൂറോളം വരുന്ന കര്‍ഷകര്‍ ട്രാക്‌ടറുകളില്‍ ഞായറാഴ്‌ചയാണ് ഗ്രാമങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. നാളെയാണ് (ഫെബ്രുവരി 13) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ച് (Farmer's Protest).
സിഖ് ആരാധനാലയങ്ങളില്‍ എത്തി പ്രാര്‍ഥന നടത്തിയ ശേഷമാണ് കര്‍ഷകരുടെ സംഘം യാത്ര തിരിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ ഡല്‍ഹിയില്‍ പ്രതിഷേധം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. താങ്ങുവില, വിള ഇൻഷുറന്‍സ് എന്നിവ ലഭ്യമാക്കണം ലഖിംപൂര്‍ കേസില്‍ ശക്തമായ നടപടി വേണം, കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്‌ടമായവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുക, കര്‍ഷകര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന കേസുകള്‍ റദ്ദാക്കുക എന്നിവയാണ് ഇവരുടെ ആവശ്യം (Demands Of The Farmers).
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി വീണ്ടും രംഗത്തേക്ക് എത്തിയിരിക്കുന്നത്. കിസാന്‍ മോര്‍ച്ചയുടെ രാഷ്‌ട്രീയേതര വിഭാഗവും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയും സംയുക്തമായാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. നാളെ ആരംഭിക്കുന്ന മാര്‍ച്ചില്‍ 200ല്‍ അധികം കര്‍ഷക സംഘടനകള്‍ പങ്കാളികളാകുമെന്നാണ് വിവരം.