തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും രാഷ്‌ട്രീയപ്രവര്‍ത്തകനും ജന്‍ സൂരജ് സംഘടനയുടെ നേതാവുമായ പ്രശാന്ത് കിഷോറിനെ ബിജെപിയുടെ ദേശീയ വക്താവായി നിയമിച്ച് കൊണ്ടുള്ള ഒരു കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ നിയമനക്കത്ത് തികച്ചും വ്യാജമാണെന്ന് പ്രശാന്ത് കിഷോറിന്‍റെ ഓഫീസും ജന്‍ സൂരജും എക്‌സിലൂടെ വ്യക്തമാക്കി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നൂറ് സീറ്റുകള്‍ ലഭിക്കുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഇദ്ദേഹത്തിന് നേരിട്ടത്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം ഇത് ശരീരത്തെയും മനസിനെയും ഉര്‍വ്വരമാക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള തന്‍റെ അഭിമുഖം പരാമര്‍ശിച്ച് കൊണ്ട് അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. തന്‍റെ തെരഞ്ഞെടുപ്പ് അവലോകനം ആരെയെങ്കിലും അസ്വസ്ഥമാക്കുന്നെങ്കില്‍ അവര്‍ ജൂണ്‍ നാലിന് ധാരാളം വെള്ളം സംഭരിച്ച് വയ്ക്കുന്നത് നന്നായിരിക്കും. 2021 മെയ് രണ്ടും ബംഗാളും ഓര്‍ക്കുക എന്നും അദ്ദേഹം കുറിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രശാന്ത് കിഷോറിനെ ബിജെപിദേശീയ വക്താവായി നിയമിച്ചെന്നാണ് വൈറലായ കത്തിന്‍റെ ഉള്ളടക്കം. നിയമനം ഉടന്‍ പ്രാബല്യത്തിലാകുമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പരിഹാസ അഭിനന്ദന കുറിപ്പോടെ ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് കത്ത് പങ്കുവച്ചത്. ജന്‍ സൂരജ് പ്രസ്ഥാനത്തിന്‍റെ കാപട്യക്കാരനായ പ്രശാന്ത് കിഷോറിന് അഭിനന്ദനം... ബീഹാറിനെ മാറ്റാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹം സ്വയം മാറിയിരിക്കുന്നു. തുടങ്ങിയിടത്ത് തന്നെ അയാള്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന് പറഞ്ഞാണ് കത്ത് പങ്കുവച്ചിരിക്കുന്നത്.
ഞങ്ങളുടെ ഫാക്‌ട് ചെക്ക് സംഘം കത്ത് വ്യാജമാണെന്നും പ്രശാന്ത് കിഷോര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും കണ്ടെത്തി. ഇത്തരം വിശ്വസനീയമായ ഒരു കത്തും ഞങ്ങള്‍ക്ക് ഗൂഗിള്‍ പരിശോധനയില്‍ കണ്ടെത്താനായില്ല.