ന്യൂ ഡൽഹി:വ്യാജ തിരിച്ചറിയൽ കാർഡുമായി നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് കടക്കാൻ ശ്രമിച്ചയാളെ ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആദിത്യ പ്രതാപ് സിംങാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കർത്തവ്യ പാത പൊലീസ് സ്‌റ്റേഷനിലെ പൊലീസാണ് സിങിനെ അറസ്‌റ്റ് ചെയ്‌തത് (One Held For Trying To Trespass Ministry Of Home Affairs With Fake ID Card). കർത്തവ്യ പാത പൊലീസിന് പുറമെ ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലിന്‍റെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും സംഘവും സിംങിനെ ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതി അതിക്രമിച്ച് കടന്നതിന് പിന്നിൽ തീവ്രവാദ കോണുകളൊന്നും കണ്ടെത്തിയിട്ടില്ല. തട്ടിപ്പ് നടത്തുകയായിരുന്നു ലക്ഷ്യമെന്നും ധാരണയുണ്ട്. പ്രതികളുടെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സുരക്ഷാ വീഴ്‌ച മുൻപും: അതേസമയം കഴിഞ്ഞ വർഷവും സമാന സംഭവമുണ്ടായിരുന്നു. പാർലമെന്‍റ് ആക്രമണത്തിന്‍റെ 22ാം വാർഷിക ദിനമായ ഡിസംബർ 13നായിരുന്നു പാർലമെന്‍റിൽ സുരക്ഷാ വീഴ്‌ചയുണ്ടായിരുന്നത്. രണ്ട് യുവാക്കൾ സന്ദർശക ഗാലറിയിൽ കയറുകയും താഴേക്ക് ചാടി സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു ( (Parliament security breach case)).
ലോക്‌സഭയിലെ ശൂന്യവേളയുടെ അവസാനഘട്ടത്തിലായിരുന്നു യുവാക്കളുടെ ആക്രമണം. സന്ദർശക ഗാലറിയിൽ നിന്നും ഇവർ സഭാംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ഷൂസിനുള്ളിലാണ് ഇവർ കളർ സ്പ്രേ ഒളിപ്പിച്ചുവെച്ചിരുന്നത്.