അന്തരിച്ച രത്തന്‍ ടാറ്റ ഇന്ത്യയിലെ ഏറ്റവും ആദരീയനായ വ്യവസായിയും അതിലുപരി ഇന്ത്യ കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു. ആറ് ഭൂഖണ്ഡങ്ങളിലായി പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം.
ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് ടാറ്റയെ മുന്നോട്ടു നയിച്ച ആളാണ് രത്തന്‍ ടാറ്റ. ജീവകാരുണ്യത്തിനായി വരുമാനത്തിന്‍റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു.
അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ചുള്ള ഒമ്പത് വസ്‌തുതകൾ:
- ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് 1937 ഡിസംബർ 28 നാണ് രത്തൻ ടാറ്റ ജനിച്ചത്.
- ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ടാറ്റ ഗ്രൂപ്പിൻ്റെ സ്ഥാപക പിതാവായ ജംഷഡ്‌ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റ ദത്തെടുത്ത നാവൽ ടാറ്റയുടെ മകനാണ് രത്തൻ ടാറ്റ.
- 1961ലാണ് രത്തന്‍ ടാറ്റ ഗ്രൂപ്പിൽ ചേർന്നത്. കോർനെൽ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ആർക്കിടെക്‌ചറിൽ നിന്ന് ബിരുദം നേടിയ ശേഷം ടാറ്റ സ്റ്റീലിൻ്റെ ഷോപ്പ് ഫ്ലോറിലാണ് ആദ്യ ജോലി ചെയ്യുന്നത്.
- 1991ലാണ് ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനികളിലൂടെയുള്ള പ്രവർത്തനങ്ങൾ കാരണം രത്തൻ ടാറ്റ ക്രമേണ പ്രശസ്‌തിയിലേക്ക് ഉയരുകയും മനുഷ്യസ്‌നേഹി എന്ന നിലയില്‍ അറിയപ്പെടുകയും ചെയ്‌തു.
- എമിരിറ്റസ് ചെയർമാനായാണ് രത്തന്‍ ടാറ്റ അവസാനമായി പ്രവര്‍ത്തിച്ചത്. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായും 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ഇടക്കാല ചെയർമാനായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു.
- രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ, ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നിവയെ ഏറ്റെടുത്തു. ടാറ്റയെ വലിയ തോതിൽ ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിൽ നിന്ന് ആഗോള ബിസിനസാക്കി മാറ്റാന്‍ പരിശ്രമിച്ചു.
- തൻ്റെ വരുമാനത്തിൻ്റെ 60% മുതല്‍ 65% ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്‌ത ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹികളിൽ ഒരാളാണ്. ടാറ്റ ഗ്രൂപ്പിനെ രത്തന്‍ നയിച്ച 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങ് വർധിച്ചു. ടാറ്റ ഗ്രൂപ്പിന്‍റെ ലാഭം 50 മടങ്ങായും കൂടി.
- 2000ൽ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചു. 2008ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ബഹുമതി ലഭിച്ചു.
- ഇന്ത്യയിലെ യുവജനങ്ങളുടെ ഭാവി കെട്ടിപ്പടുക്കുന്നതില്‍ രത്തൻ ടാറ്റ വിശ്വസിച്ചിരുന്നു. ഇതുവരെ 30 ഓളം സ്റ്റാർട്ടപ്പുകളിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്.
Also Read:പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ അന്തരിച്ചു