ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയെയും മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ അനുമതി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമപ്രകാരമാണ് 56കാരനായ രാഷ്‌ട്രീയ നേതാവിനെതിരെ ഇഡി കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തമാസം അഞ്ചിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നിര്‍ണായക നീക്കം. ഡല്‍ഹി മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരനെന്നാണ് കെജ്‌രിവാളിനെ ഇഡി പരാമര്‍ശിച്ചിരിക്കുന്നത്. കെജ്‌രിവാള്‍ ഡല്‍ഹിയിലെ മന്ത്രിയും എഎപി നേതാക്കളുമായി ഇത് സംബന്ധിച്ച ആശയവിനിമയം നടത്തിയിരുന്നുവെന്നും ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ എഎപിയും കെജ്‌രിവാളും കുറ്റക്കാരാണെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. 2021-22ലെ മദ്യനയവുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേന ശുപാര്‍ശ ചെയ്‌തിരുന്നു.
ഇതിനിടെ അടുത്തമാസം അഞ്ചിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള നിരവധി അമ്മമാരും സഹോദരിമാരും തനിക്കൊപ്പം അനുഗ്രഹവര്‍ഷവുമായി ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകും മുമ്പ് താന്‍ വാത്മീകി ക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും പോയി അനുഗ്രഹം തേടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ ഷകൂര്‍ബസ്‌തിയില്‍ നിന്ന് മത്സരിക്കാനായി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നുണ്ട്. അദ്ദേഹവും എക്‌സില്‍ കൂടിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ ക്രൗഡ് ഫണ്ടിങ് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. എല്ലാവരും അവരവരുടെ കഴിവിന് അനുസരിച്ച് സംഭാവന നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. അതിനിടെ എഎപി എംപി സഞ്ജയ് സിങ് തന്‍റെ വേതനത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ഡല്‍ഹിയില്‍ മിക്ക പ്രധാന നേതാക്കളും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി അതിഷി, കോണ്‍ഗ്രസ് നേതാക്കളായ അല്‍ക്ക ലാമ്പ, സോമനാഥ് ഭാരതി തുടങ്ങിയവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് കഴിഞ്ഞു. അതേസമയം കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന പ്രക്രിയ തുടരുകയാണ്. അതേസമയം കൊടുംതണുപ്പിനിടയിലും ഡല്‍ഹിയിലെ രാഷ്‌ട്രീയ കാലാവസ്ഥ തിളച്ച് മറിയുകയാണ്.
Also Read;ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്; അന്വേഷണത്തിനൊടുവിൽ കേസ് ഉദ്യോഗസ്ഥന്‍റെ പേരിലേക്ക്