ന്യൂഡൽഹി:മദ്യനയ അഴിമതി കേസില്‍ ഡൽഹി ഹൈക്കോടതി ജാമ്യം തടഞ്ഞതിനെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിൽ നാളെ രാവിലെ വാദം കേൾക്കണമെന്ന് കെജ്‌രിവാളിന്‍റെ അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചു.
കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചതായി ആംആദ്‌മി പാർടി പ്രസ്‌താവനയിൽ പറഞ്ഞു. ഇഡി ജാമ്യാപേക്ഷയെ എതിർത്തിട്ടും ജൂൺ 20 ന് ഡൽഹിയിലെ റൂസ് അവന്യൂ കോടതി കെജ്‌രിവാളിന് സാധാരണ ജാമ്യം അനുവദിച്ചു. എന്നാല്‍ ജൂൺ 21 ന്, അന്വേഷണ ഏജൻസിക്ക് മതിയായ "അവസരം" നൽകാതെയാണ് സാധാരണ ജാമ്യം പാസാക്കിയതെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡൽഹി ഹൈക്കോടതിയിൽ വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തു.
ഇഡിയുടെ ഹർജിയെ തുടർന്ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. വിധി പ്രഖ്യാപിക്കുന്നത് വരെ, തടസപ്പെടുത്തിയ ഉത്തരവിന്‍റെ പ്രവർത്തനം സ്‌റ്റേ ചെയ്‌തിരിക്കും. വിചാരണക്കോടതി ഉത്തരവിന് ഡൽഹി ഹൈക്കോടതി ഇടക്കാല സ്‌റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മെയ് 10ന് സുപ്രീം കോടതി കെജ്‌രിവാളിന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം അനുവദിക്കുകയും ജൂൺ രണ്ടിന് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസോ ഡൽഹി സെക്രട്ടേറിയറ്റോ സന്ദർശിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ റദ്ദാക്കിയ ഡൽഹി എക്‌സൈസ് പോളിസി 2021-22 ലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാർച്ച് 21 നാണ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്.
Also Read : മദ്യനയ അഴിമതി കേസ് : കെജ്‌രിവാളിന്‍റെ ജാമ്യത്തിന് താൽക്കാലിക സ്‌റ്റേ; ഇഡിയുടെ ഹർജി പരിഗണിക്കും - stay on Arvind Kejriwal s bail