ന്യൂഡല്‍ഹി:അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തിനുപിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന് മുന്‍ അധ്യക്ഷന്‍ രംഗത്ത്. മുതിര്‍ന്ന അഭിഭാഷകന് കൂടിയായ അദിഷ് സി അഗര്‍വാളാണ് ശേഖര്‍ കുമാറിന് പിന്തുണ അറിയിച്ചിരിക്കുന്നത്. ജഡ്ജിമാരും മറ്റ് പൗരന്മാരെപ്പോലെ ആണെന്നും അവര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ രാജ്യസഭാംഗവും സുപ്രീം കോടതി ബാര്‍ അസോസിയേഷന് അധ്യക്ഷനുമായ കപില്‍ സിബല്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണ് അഗര്‍വാളിന്റെ പരാമര്‍ശങ്ങള്‍.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ജഡ്ജിമാര്‍ തങ്ങള്‍ പരിഗണിക്കുന്ന കേസുകളുെടെ വിധി ന്യായങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ചൂണ്ടിക്കാട്ടിയ അഗര്‍വാള്‍ അതേസമയം മറ്റ് വിഷയങ്ങളിലുള്ള അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ ഇംപീച്ച്മെന്റിനുള്ള കാരണമാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് യാദവിന്റെ പൊതുവിടത്തിലെ പ്രസംഗം ഒഴിവാക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അഗര്‍വാള്‍ അതേസമയം അദ്ദേഹത്തിനെതിരെ കൊണ്ടു വന്ന ഇംപീച്ച്മെന്റ് പ്രമേയത്തെ ന്യായീകരിക്കുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഈ ഇംപീച്ച്മെന്റ് പ്രമേയം നീതിന്യായ സംവിധാനത്തെ കരുതിക്കൂട്ടി അപമാനിക്കാനുള്ള ഒരു നീക്കമാണെന്നാണ് താന്‍ കരുതുന്നത്. ഇത് നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ഇംപീച്ച്മെന്റ് പ്രമേയം വിജയിക്കില്ലെന്ന് കപില്‍ സിബലിന് തീര്‍ച്ചയായും അറിയാം. ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ ജഡ്ജിയെ ഇംപീച്ച് ചെയ്യാനാകൂ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് ലഭ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.