ജയ്‌പൂര്‍: വോട്ടെണ്ണിത്തുടങ്ങാന്‍ കേവലം മിനിറ്റുകള്‍ മാത്രം അവശേഷിക്കെ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും മുംബൈയില്‍ പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു. എന്ത് സംഭവിക്കുമെന്ന് അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണല്‍ വേളയില്‍ താന്‍ മുംബൈയിലുണ്ടാകുമെന്നും ഗെഹ്‌ലോട്ട് അറിയിച്ചു. പ്രധാന നേതാക്കളെല്ലാം തന്നെ സംസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം എല്ലാ നേതാക്കളും കണക്കുകള്‍ നിരത്തി തങ്ങള്‍ അധികാരത്തിലെത്തുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ മാസം 20നായിരുന്നു മഹാരാഷ്‌ട്രയിലെ 288 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. അതേസമയം തെരഞ്ഞെടുപ്പ് കാര്യക്ഷമമായി നടത്താന്‍ സഹകരിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എസ് ചൊക്കലിംഗം പറഞ്ഞു. മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനായി കമ്മീഷന് മതിയായ സമയം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍പട്ടിക വിപുലപ്പെടുത്താനും കമ്മീഷന് സമയം ലഭിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ പേരെ പട്ടികയില്‍ ചേര്‍ക്കാനായി. കുറ്റമറ്റ വോട്ടിങ് നടപടികള്‍ക്കായി ആറ് ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ അക്ഷീണം പ്രവര്‍ത്തിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ വീഴ്‌ചകള്‍ പരിഹരിക്കാനും കൂടുതല്‍ പേരെ പോളിങ് ബൂത്തിലേക്ക് എത്തിക്കാനും സാധിച്ചുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്‌ട്രയില്‍ ബിജെപി ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയും അജിത് പവാര്‍ നയിക്കുന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും ചേര്‍ന്നുള്ള മഹായുതി സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേസന, ശരദ്പവാര്‍ പക്ഷത്തിന്‍റെ എന്‍സിപി എന്നിവര്‍ ചേര്‍ന്ന മഹാവികാസ് അഘാടി സഖ്യം മഹായുതിക്ക് എതിരെ കടുത്ത മത്സരമാണ് കാഴ്‌ച വച്ചത്. 288 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ ആണ് വേണ്ടത്. കര്‍ഷക പ്രശ്‌നങ്ങള്‍ അടക്കം ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ മുപ്പത് കൊല്ലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം സംസ്ഥാനത്ത് രേഖപ്പെടുത്തിയെന്നതും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിനെ ദേശീയതലത്തില്‍ ഏറെ ശ്രദ്ധേയമാക്കി.
ജാര്‍ഖണ്ഡില്‍ ഭരണത്തുടര്‍ച്ചയെന്നാണ് ജെഎംഎം അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ഭരണം നഷ്‌ടമായാല്‍ ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന് അത് വലിയ തിരിച്ചടിയാകും. സോറനെതിരായ അഴിമതി ആരോപണവും ജെഎംഎമ്മിലെ അന്ത:ഛിദ്രവും തങ്ങള്‍ക്ക് അനുകൂലമായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Also Read:മഹാരാഷ്‌ട്രയുടെ ഭാവിയെന്ത്? ജാര്‍ഖണ്ഡില്‍ ഭരണത്തുടര്‍ച്ചയോ? നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉടൻ