ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള പ്രൊവിഡന്‍റ് ഫണ്ട് ഉപയോക്താക്കളെ ബാധിക്കുന്ന തരത്തില്‍ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍സ് ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താനും ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനുമായാണ് പുത്തന്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
അക്കൗണ്ട് മരവിപ്പിക്കല്‍ എപ്പോള്‍:
പ്രൊവിഡണ്ട് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് അംഗങ്ങള്‍ക്ക് ലഭിക്കാനുള്ള തുക നിയമവിധേയമല്ലാത്ത വഴികളിലൂടെ ആരെങ്കിലും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാലാണ് പി എഫ് അതോറിറ്റി ആ അക്കൗണ്ട് മരവിപ്പിക്കുന്നത്. 2023 ല്‍ ഡല്‍ഹിയില്‍ ഇത്തരത്തില്‍ ഒരു തട്ടിപ്പ് അരങ്ങേറി. അതില്‍ 11 ഇ പി എഫ് അംഗങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് വ്യാജ ക്ലെയിം നല്‍കി ഒറ്റയാള്‍ തട്ടിയെടുത്തത് 1.83 കോടി രൂപയായിരുന്നു. അംഗങ്ങളുടെ പേരില്‍ 39 വ്യാജ ക്ലെയിമുകളായിരുന്നു ഇയാള്‍ നല്‍കിയത്.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ പി എഫ് ഒ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും മരവിപ്പിച്ച അക്കൗണ്ടുകള്‍ വീണ്ടും ആക്റ്റീവാക്കാനും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പല തലങ്ങളിലൂടെയുള്ള വെരിഫിക്കേഷനിലൂടെയാണ് ഇ പി എഫ് ഒ തട്ടിപ്പുകള്‍ കണ്ടു പിടിക്കുന്നത്. അംഗങ്ങളുടെ ഐ ഡി, 12 അക്ക യു എ എന്‍, സ്ഥാപനങ്ങളുടെ ഐ ഡി എന്നിവയിലാണ് വെരിഫിക്കേഷന്‍. ക്രിത്രിമം കണ്ടെത്തിയാലോ സംശയം തോന്നിയാലോ ആദ്യം 30 ദിവസത്തേക്കും പിന്നീട് ആവശ്യമെങ്കില്‍ 14 ദിവസത്തേക്കും അക്കൗണ്ട് മരവിപ്പിക്കും.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍, നടപടികള്‍ :
സംശയകരമായ എന്തെങ്കിലും നീക്കം നടന്ന അക്കൗണ്ടുകള്‍ വെരിഫിക്കേഷന്‍ നടത്തുന്നതു വരെ മരവിപ്പിക്കുന്ന സംവിധാനമാണ് ഇ പി എഫ് ഒ തുടരുന്നത്. നേരത്തേ ഇത്തരം വെരിഫിക്കേഷന് 30 ദിവസം വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. അത് 14 ദിവസം കൂടി നീട്ടി.
വെരിഫിക്കേഷന് പല തട്ടുകളിലായുള്ള പ്രക്രിയ നടപ്പാക്കും. മരവിപ്പിച്ച അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. തട്ടിപ്പ് ബോധ്യമായാല്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. നഷ്ടമായ തുകയും പലിശയും പി എഫ് അംഗത്തിന്‍റെ അക്കൗണ്ടിലേക്ക് തിരികെ നല്‍കും.
ഇ പി എഫ് ഒ ഹെഡ് ഓഫീസ് സംശയകരമായി കണ്ടെത്തുന്ന അംഗത്വ ഐഡികളും യു എ എന്നുകളും സ്ഥാപന അക്കൗണ്ടുകളുമാണ് മരവിപ്പിക്കുന്നതില്‍ ഒരു വിഭാഗം. അന്യായമായി പിന്‍വലിക്കാനോ തട്ടിപ്പിനേ ശ്രമം നടന്ന അക്കൗണ്ടുകളും മരവിപ്പിക്കും. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായോ അനുമതി കൂടാതെയോ നിക്ഷേപം വന്ന അക്കൗണ്ടുകളും മരവിപ്പിക്കും.
മരവിപ്പിച്ചാല്‍ എന്തു സംഭവിക്കും:
മരവിപ്പിച്ച അംഗത്തിന്‍റേയോ സ്ഥാപനത്തിന്‍റേയോ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. പുതിയ യു എ എന്‍ സൃഷ്ടിക്കാനോ നിലവിലുള്ള യു എ എനിലേക്ക് മെമ്പര്‍ ഐ ഡി ചേര്‍ക്കാനോ സാധിക്കില്ല. അംഗത്തിന്‍റെ വിവരങ്ങള്‍ പ്രൊഫൈലില്‍ ചേര്‍ക്കാനോ കൈ വൈസി വിവരങ്ങള്‍ നല്‍കാനോ കഴിയില്ല. അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ കഴിയില്ല. പണം പിന്‍വലിക്കാനോ ക്ലെയിമുകള്‍ തീര്‍പ്പാക്കാനോ ഫണ്ട് കൈമാറാനോ സാധിക്കില്ല. സ്ഥാപനങ്ങളുടെ കാര്യത്തിലാണെങ്കില്‍ നിലവിലുള്ള പാനും ജി എസ് ടി നമ്പറും വെച്ച് പുതിയ രജിസ്ട്രേഷന്‍ അനുവദിക്കില്ല.
സംശയകരമായ അക്കൗണ്ടുകള്‍ കണ്ടെത്തലും നടപടിയും എങ്ങിനെ:
സംശയകരമായ എന്തെങ്കിലും നീക്കങ്ങള്‍ കണ്ടാല്‍ ഉടന്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അറിയിക്കുന്നു. ഈ ഉദ്യോഗസ്ഥനാണ് അക്കൗണ്ട് മരവിപ്പിക്കുക. ഉടനെ ഈ വിവരം സ്ഥിരീകരണത്തിനായി ഫ്രോഡ് റിസ്ക് മിറ്റിഗേഷന്‍ കമ്മിറ്റിയെ അറിയിക്കും. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍റെ അപേക്ഷ കിട്ടിയാല്‍ നോഡല്‍ ഓഫീസറാണ് മരവിപ്പിക്കല്‍ നടപ്പാക്കുക. അക്കൗണ്ട് മരവിപ്പിച്ചു കഴിഞ്ഞാല്‍ അംഗത്തേയും തൊഴില്‍ ഉടമയേയും എസ് എം എസ് വഴിയും ഇ മെയില്‍ വഴിയും അക്കാര്യം അറിയിക്കും. ഇപി എഫ് ഒ പോര്‍ട്ടല്‍ വഴിയും അറിയിപ്പ് നല്‍കും.
മരവിപ്പിച്ച അക്കൗണ്ടുകള്‍ വീണ്ടും ആക്റ്റീവാക്കുന്നത്:
മരവിപ്പിച്ച അക്കൗണ്ട് വെരിഫൈ ചെയ്ത് സാധുവാണെന്ന് കണ്ടെത്തിയാല്‍ മരവിപ്പിച്ച അക്കൗണ്ട് പുനരുജ്ജീവിപ്പിക്കും.
എസ്‌ഒപി നടപ്പാക്കുന്നതിന്‍റെ പ്രാധാന്യം :സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസിജീയര്‍ (എസ്ഒപി) നടപ്പാക്കുന്നതിനും ഇപിഎഫ്ഒ പ്രാധാന്യം നല്‍കുന്നു. അംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ഇടപാടുകളും ആധികാരികമാണെന്ന് ഉറപ്പാക്കാനും തട്ടിപ്പുകള്‍ കുറയ്ക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അംഗങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും എസ്ഒപിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.
സേവനങ്ങള്‍ മെച്ചപ്പെടുത്താനും അംഗങ്ങള്‍ക്ക് നല്ല അനുഭവമുണ്ടാക്കാനുമാണ് പുത്തന്‍ മാറ്റങ്ങളിലൂടെ ഇപിഎഫ്ഒ ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനപ്പുറം പിഎഫ് അക്കൗണ്ടുകള്‍ ശാക്തീകരിക്കുകയും നിക്ഷേപങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഈ മാറ്റങ്ങളെക്കുറിച്ച് അക്കൗണ്ട് ഉടമകള്‍ നിശ്ചയമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇവ അത്യാന്താപേക്ഷിതമാണ്.
നേരത്തെ 2023-24 വർഷത്തേക്ക് ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട് (provident fund) പലിശ നിരക്ക് 8.25 ശതമാനമായി ഉയർത്തി എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ/EPFO). 2021-2022ൽ 8.10 ശതമാനമായിരുന്ന പലിശ നിരക്ക് 2023 മാർച്ചിൽ (2022-23) 8.15 ശതമാനമായി ഉയർത്തിയിരുന്നു. ഇപിഎഫ്ഒ - സിബിടിയുടെ (സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ) 235-ാമത് യോഗത്തിലാണ് പലിശ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
Also Read:2024 സാമ്പത്തിക വർഷത്തേക്കുള്ള പിഎഫ് പലിശ നിരക്ക് 8.25 ശതമാനമാക്കി ഉയർത്തി ഇപിഎഫ്ഒ