ഹൈദരാബാദ് :തെലങ്കാനയിലെ കുമുരം ഭീം ആസിഫാബാദ് ജില്ലയിൽ 45 കാരനായ കർഷകൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചിന്തലമനേപ്പള്ളി മണ്ഡലത്തിലെ ഭൂരെപ്പെല്ലി ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് (മാർച്ച് 4) ദാരുണമായ സംഭവം നടന്നത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കർഷകനായ അല്ലൂരി ശങ്കറിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഭൂരെപ്പെല്ലി ഗ്രാമത്തിലെ അല്ലൂരി ശങ്കർ (45) തന്‍റെ രണ്ടേക്കർ വയലിൽ മുളക് കൃഷി ചെയ്‌തതായി പ്രദേശവാസികൾ പറഞ്ഞുവെന്ന് എഫ്ആർഒ പൂർണചന്ദർ അറിയിച്ചു. ഭാര്യയോടൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യവെയാണ് ആന ആക്രമിച്ചത്. ആന അടുത്തേക്ക് വരുന്നത് കണ്ട് ശങ്കറിന്‍റെ ഭാര്യ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശങ്കർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന ആക്രമിക്കുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. ജില്ല ഫോറസ്‌റ്റ് ഓഫിസർ നീരജ് കുമാർ തിബ്രിവാൾ സ്ഥലത്തെത്തി വനം വകുപ്പ് ജീവനക്കാർക്ക് നിരവധി നിർദേശങ്ങൾ നൽകി. ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. തെലങ്കാനയും മഹാരാഷ്‌ട്രയും അതിർത്തി പങ്കിടുന്ന പ്രാണഹിത നദി കടന്നാണ് ആന സംസ്ഥാനത്തേക്ക് എത്തിയതെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.