ന്യൂഡൽഹി: 2026-ഓടെ ഇന്ത്യയിൽ ഇലക്‌ട്രിക് എയർ-ടാക്‌സി അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ കമ്പനിയായ ആർച്ചർ ഏവിയേഷൻ. ഇതിനായുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍ ആണെന്നും കമ്പനിയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിഖിൽ ഗോയൽ ഇടിവി ഭാരതിനോട് പറഞ്ഞു.
വിമാനത്തിന് ഒരേസമയം നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും കൊണ്ട് ഏകദേശം 160 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. ന്യൂഡൽഹിയിൽ ഒരു കാറിൽ 60-90 മിനിറ്റ് എടുത്ത് സഞ്ചരിക്കുന്ന അതേ ദൂരം 7 മിനിറ്റിനുള്ളിൽ എയര്‍ ടാക്‌സിക്ക് മറികടക്കാൻ കഴിയും.
അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷനിൽ (എഫ്എഎ) അനുമതി നേടുന്നതിനുള്ള അവസാന ഘട്ടത്തിലാണ് ആർച്ചർ കമ്പനി. ആർച്ചർ ഏവിയേഷനും ഇന്‍റര്‍ഗ്ലോബ് എന്‍റർപ്രൈസസും ചേര്‍ന്നാണ് ഇന്ത്യയില്‍ പദ്ധതി നടപ്പാക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും സര്‍വീസ് നടത്തുക.