ഹൈദരാബാദ്:തെലങ്കാനയിലെനാരായണഗുഡയിൽ വയോധികന്‍റെ കൈയിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത് സൈബർ കുറ്റവാളികൾ. പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ 63 കാരൻ ഉടൻ തന്നെ ഹൈദരാബാദ് സൈബർ പൊലീസിൽ പരാതി നൽകി. 'ടിആർഎഐ' (TRAI) യുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് പരാതിക്കാരന് ഒരു ഫോൺ കോൾ ലഭിച്ചിരുന്നു. ഇരയുടെ ആധാർ കാർഡ് ഉപയോഗിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നിങ്ങൾ ചെയ്‌തിട്ടുണ്ടെന്നും ഉടൻ തന്നെ ഇതിനെതിരെ നടപടി ഉണ്ടാകുമെന്നും വിളിച്ചയാൾ പറഞ്ഞു. പരാതിക്കാരന്‍റെ സെൽ ഫോൺ സേവനങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പും വിളിച്ചയാൾ നൽകി.
തുടർന്ന്, മുംബൈ സൈബർ പൊലീസിൽ നിന്നെന്ന വ്യാജേന പരാതിക്കാരന്‍റെ ഫോണിലേക്ക് സൈബർ കുറ്റവാളികൾ വീഡിയോ കോൾ ചെയ്‌തു. കോളിൽ നിയമപാലകന്‍റെ വേഷം ധരിച്ച് വിളിച്ചയാൾ ഇരയുടെ ആധാർ കാർഡ് ഉൾപ്പെട്ട നിയമവിരുദ്ധ പ്രവർത്തനത്തെ കുറിച്ച് വിശദമായി പറഞ്ഞു. വിളിച്ചയാൾ ഇരയും, രാഷ്‌ട്രീയക്കാരനായ നവാബ് മാലിക്കും, അധോലോക നായകനായ ദാവൂദ് ഇബ്രാഹിമും തമ്മിൽ ബന്ധെുണ്ടെന്ന് പറയുകയും അത് പരാതിക്കാരനിൽ കൂടുതൽ ഭയം സൃഷ്‌ടിക്കുകയും ചെയ്‌തു.
സിബിഐ ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റൊരാൾ കൂടി സംഭാഷണത്തിൽ പങ്കെടുത്തതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായി. കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളിൽ ഇരയ്‌ക്കും പങ്കുണ്ടെന്ന് ആൾമാറാട്ടക്കാർ പറയുകയും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.