ന്യൂഡൽഹി:ഇന്ന് ദേശീയ ഏകതാ ദിനം. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനമാണ് രാജ്യം ഏകതാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്‍നിര നേതാക്കളില്‍ പ്രധാനിയും, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായിരുന്നു വല്ലഭായ് പട്ടേൽ.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഏകീകരിക്കാൻ പട്ടേലിൽ നടത്തിയ ശ്രമങ്ങളെ ഉയർത്തിക്കാട്ടി പൗരന്മാർക്കിടയിൽ ദേശീയ ഏകീകരണവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്നതാണ് എകതാ ദിനം ലക്ഷ്യമിടുന്നത്. അദ്ദേഹത്തിൻ്റെ മഹത്വത്തെ ആദരിക്കാനും, ഐക്യത്തിൻ്റെ സന്ദേശം ശക്തിപ്പെടുത്താനുമായി ഇന്ന് രാജ്യമെമ്പാടും വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെയാണ് കേന്ദ്രസർക്കാർ പട്ടേലിന്‍റെ ജന്മദിനം ഏകതാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെടുന്ന പട്ടേൽ, 1947ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം 500ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ സംയോജിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.
ദേശീയ അഖണ്ഡത പ്രോത്സാഹിപ്പിക്കാനും നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിന്‍റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനുമുള്ള വിപുലമായ നീക്കത്തിന്‍റെ ഭാഗമായിരുന്നു ഏകതാ ദിനത്തിന്‍റെ പ്രഖ്യാപനം. പൗരന്മാർക്കിടയിൽ ഐക്യം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് ഏകതാ ദിന മാർച്ചുകൾ, ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രാധാന്യം:ഇന്നത്തെ ലോകത്ത് രാഷ്ട്രീയ ഏകതാ ദിവസിന് വലിയ പ്രാധാന്യമുണ്ട്. ദേശീയോദ്ഗ്രഥനത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രാധാന്യത്തിൻ്റെ ഓർമപ്പെടുത്തലായി ഏകതാ ദിവസം പ്രവർത്തിക്കുന്നു. ജാതി, മത, പ്രാദേശിക വിഭജനങ്ങളെ അതിജീവിച്ച് ഐക്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കാന്‍ ഉയരാൻ ഏകതാ ദിനം പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ സർദാർ വല്ലഭായ് പട്ടേൽ വഹിച്ച പങ്കിനെയും അദ്ദേഹത്തിന്‍റെ വിശാലമായ കാഴ്‌ചപ്പാടുകളെയും മുന്‍നിർത്തിയാണ് ഈ ദിനം ആചരിക്കുന്നത്. ഇത് വിദ്യാഭ്യാസ പരിപാടികളിലൂടെയും സമൂഹവുമായി ഇടപഴകുന്ന പരിപാടികളിലൂടെയും ഏകത്വത്തിൻ്റെയും നാനാത്വത്തിൻ്റെയും മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നു.
ഈ ദിവസം സമാധാനവും ഐക്യവും നിലനിർത്തുന്നതിൽ ഓരോ പൗരൻ്റെയും പങ്ക് ഊന്നിപ്പറയുകയും ശക്തമായ ഒരു രാഷ്ട്രത്തിനായുള്ള കൂട്ടായ ശ്രമങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു. വിവിധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെയാണ് ഉയർത്തിക്കാട്ടുന്നത്, ഐക്യം എന്നാൽ ഏകീകൃതതയല്ല എന്ന ആശയത്തെ ഇത് ശക്തിപ്പെടുത്തുന്നു. രാഷ്ട്രീയ ഏകതാ ദിവസ് ഇന്ത്യൻ പൗരന്മാരിൽ അഭിമാനബോധവും ഏകീകൃത ഇന്ത്യയുടെ ആദർശങ്ങളോടുള്ള പ്രതിബദ്ധതയും വളർത്താനാണ് ലക്ഷ്യമിടുന്നത്.