ഹൈദരാബാദ് :സമകാലിക വാർത്തകളുടെ പ്രസിദ്ധീകരണത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുക എന്നതുകൂടി പത്രങ്ങളുടെ കടമയാണ്. ഒരു പത്രം ഒരിക്കലും ഒരു വാർത്ത ദാതാവായി ഒതുങ്ങരുത്. സമൂഹത്തിലെ പ്രശ്‌നങ്ങൾ മനസിലാക്കി ദുരിതമനുഭവിക്കുന്നവർക്ക് തണലാവുക കൂടി ചെയ്യേണ്ടതുണ്ട്. 50 വർഷം പിന്നിടുമ്പോഴും ഈനാടു ദിനപത്രം തുടർന്നുപോരുന്ന രീതിയും ഇത് തന്നെ.
പത്ര പ്രവർത്തനത്തിനപ്പുറം ഈനാടുവിന്‍റെ 50 വർഷ ചരിത്രത്തിന് നന്മയുടെ ഒരുപാട് കഥകൾ പറയാനുണ്ടാകും. തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ ആന്ധ്രയേയും തെലങ്കാനയേയും ബാധിച്ചപ്പോൾ ദുരന്ത ബാധിതർക്കൊപ്പം നിന്ന മാധ്യമമാണ് ഈനാടു. തെലങ്കാനയിലുണ്ടായ തുടർച്ചയായ മൂന്ന് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ലക്ഷക്കണക്കിന് ഏക്കർ കൃഷി നശിച്ചു. പലരുടെയും ജീവിതം തന്നെ അവതാളത്തിലായി. ഈ ദുരന്തത്തിൽ നിന്നും കരകയറാൻ ഈനാടുവിന്‍റെ ദുരിധാശ്വാസനിധി വഴി സമാഹരിച്ച പണം സർക്കാരിന് കൈമാറി.
1977ൽ ആന്ധ്രയിലുണ്ടായ ദിവിസീമ വെള്ളപ്പൊക്കത്തിൽ ബാധിക്കപ്പെട്ടവരെ ഈനാടു സഹായിച്ചിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്‌ടമായത്. കഴിക്കാന്‍ ഭക്ഷണമോ ഉടുക്കാൻ വസ്ത്രമോ തല ചായ്‌ക്കാൻ ഒരു കൂരയോ ഇല്ലാതെ റോഡിൽ കിടന്നവരെ പുനരധിവസിപ്പിക്കാൻ ഈനാടു വായനക്കാരിലൂടെ സമാഹരിച്ചത് 3,73,927 രൂപയാണ്. ഇതുവഴി ഒരു ഗ്രാമത്തെ തന്നെ പുനർനിർമിക്കാനായി.
50,000 പേർക്കാണ് അന്ന് ഭക്ഷണപ്പൊതികൾ നൽകിയത്. ഈനാടുവിന്‍റെ തന്നെ സഹോദര സ്ഥാപനമായ വിശാഖപട്ടണത്തെ ഡോൾഫിൻ ഹോട്ടലിനു പരിസരത്ത് പാകം ചെയ്യുന്ന ഭക്ഷണം സംഘത്തിലെ ജീവനക്കാർ ദുരിതബാധിതർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്‌തത്. മനുഷ്യത്വപരമായ ഇത്തരം പ്രവർത്തനങ്ങൾക്ക് ഈനാടു വാഴ്ത്തപ്പെട്ടു.
ആന്ധ്രയിൽ 1996ൽ ചുഴലിക്കാറ്റ് നാശം വിതച്ചപ്പോൾ 25 ലക്ഷം രൂപയാണ് ഈനാടു നൽകിയത്. ആകെ 60 ലക്ഷം രൂപയാണ് ഈനാടു വഴി സമാഹരിച്ചത്. 2009ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 6.05 കോടിയാണ് സമാഹരിച്ചത്. 1.20 ലക്ഷം ഭക്ഷണപ്പൊതികളും അന്ന് അടിയന്തര സഹായമായി വിതരണം ചെയ്‌തു.
2020ൽ കനത്ത മഴയെ തുടർന്ന് തെലങ്കാനയിൽ വൻ നാശനഷ്‌ടമുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ അന്ന് മൊത്തം 20 കോടി രൂപയാണ് സംഭാവന ചെയ്‌തത്. ഇത്തരത്തിൽ ദുരന്തത്തിൽ എല്ലാം നഷ്‌ടമായ ഗ്രാമങ്ങളെ റാമോജി ഫൗണ്ടേഷൻ വഴി ദത്തെടുത്തിരുന്നു. ഈനാടുവിന്‍റെ പ്രവർത്തനങ്ങൾ ആന്ധ്രയിലും തെലങ്കാനയിലും മാത്രമായി ഒതുങ്ങിയിരുന്നില്ല.