റാഞ്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്. സോറൻ്റെ ഉടമസ്ഥതയിലുള്ള 31 കോടി രൂപ വിലമതിക്കുന്ന റാഞ്ചിയിലെ 8.86 ഏക്കർ ഭൂമി കണ്ടുകെട്ടിയതായി ഫെഡറൽ ഏജൻസി അറിയിച്ചു.
48 കാരനായ സോറൻ ഉൾപ്പെടെ ഭാനു പ്രതാപ് പ്രസാദ്, രാജ് കുമാർ പഹാൻ, ഹിലാരിയസ് കച്ചപ്, ബിനോദ് സിങ് തുടങ്ങി അഞ്ച് പേർക്കെതിരെ മാർച്ച് 30 ന് കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്നലെയാണ് കേസ് പ്രോസിക്യൂഷൻ കോടതി പരിഗണിച്ചതെന്ന് ഇഡി പ്രസ്‌താവനയിലൂടെ അറിയിച്ചു.