വയനാട് :വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ നീലഗിരി ഹെലിപാഡിൽ പരിശോധിച്ചു. വയനാടിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ തലൂരിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലൈയിങ് സ്‌ക്വാഡ് ഹെലികോപ്റ്റർ പരിശോധിച്ചത്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി ഇന്ന് (ഏപ്രിൽ 15) വയനാട്ടിലെത്തിയത്. രാവിലെ ഒമ്പതരയോടെയാണ് അദ്ദേഹം നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളജിലെത്തിയത്. ഇവിടെയാണ് പരിശോധന നടന്നത്. പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നാണ് പ്രാഥമിക വിവരം.
തുടർന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തി. ഇത്തവണയും കൊടി ഇല്ലാതെയാണ് സുൽത്താൻ ബത്തേരി ടൗണിലൂടെ റോഡ് ഷോ നടത്തിയത്. റോഡ് ഷോയിൽ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൊടികൾ ഉണ്ടായിരുന്നില്ല. പകരം രാഹുൽ ഗാന്ധിയുടെ ഫോട്ടോ പതിച്ച ബലൂണുകളും പ്ലക്കാർഡുകളും പിടിച്ചാണ് പ്രവർത്തകർ എത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്.