ഹൈദരാബാദ് :തെലങ്കാന സ്‌റ്റേറ്റ് ആന്‍റി നാർക്കോട്ടിക് ബ്യൂറോ (ടിഎസ്എൻഎബി) ഉദ്യോഗസ്ഥരുമായി ചേർന്ന് ഷാദ്‌നഗർ പൊലീസ് 23 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മയക്കുമരുന്ന് കേസിൽ പ്രതികളുടെ സ്വത്തുക്കൾ ഇത്രയും വലിയ തുകയിൽ കണ്ടുകെട്ടുന്നത് ഇതാദ്യമാണെന്ന് ഇതുസംബന്ധിച്ച് ടിഎസ്എൻഎബി ഡയറക്‌ടർ സന്ദീപ് സാന്ദില്യ ബുധനാഴ്‌ച (20-03-2024) പറഞ്ഞു.
എക്‌സൈസ് വകുപ്പിൽ കോൺസ്‌റ്റബിൾമാരായി ജോലി ചെയ്യുന്ന കാമറെഡ്ഡി ജില്ലയിൽ നിന്നുള്ള രമേഷ്, രംഗറെഡ്ഡി ജില്ലയിലെ ഷബാദിലെ ഗുണ്ടുമല്ല വെങ്കടയ്യ എന്നിവരെ കഴിഞ്ഞ വർഷം ഡിസംബർ 25 ന് 2 കിലോ ആൽപ്രസോളം വിൽക്കുന്നതിനിടെ ഷാദ്‌നഗർ പൊലീസും ടിഎസ്എൻഎബി ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയിരുന്നു. മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം (Narcotics Control Act) ഇവർക്കെതിരെ കേസെടുത്തിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതോടെ രണ്ട് പ്രതികളും അൽപ്രസോലം വിറ്റ് സ്വത്ത് സമ്പാദിച്ചതിന്‍റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ഇരുവർക്കും 23 കോടിയുടെ സ്ഥിര സ്വത്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയാണ് ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്.
വെങ്കടയ്യയ്ക്ക് ഷാദ്‌നഗറിൽ 866.66 യാർഡുള്ള നാല് ഓപ്പൺ പ്ലോട്ടുകളും, ഷാദ്‌നഗർ മണ്ഡലിൽ 21.28 ഏക്കർ കൃഷിഭൂമിയും, ഷാബാദ് മണ്ഡലിൽ 13.04 ഏക്കർ കൃഷിഭൂമിയും, ഭാര്യയുടെ പേരിൽ വാങ്ങിയ 2.22 ഏക്കർ ഭൂമിയും, ഷാദ്‌നഗറിലെ എസ്ബിഐയിൽ മൂന്ന് അക്കൗണ്ടുകളിലായി 4,24,990 രൂപയുടെയും സ്വത്തുക്കളാണ് ഉള്ളത്. രമേശിന് മാരുതി സ്വിഫ്റ്റ് കാറും, കാമറെഡിയിലെ രണ്ട് എസ്ബിഐ അക്കൗണ്ടുകളിലായി 2,21,191 രൂപ പണമുണ്ട്.