ന്യൂഡല്‍ഹി : 47-ാമത് അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. ഈ മാസം 20നാണ് ചടങ്ങ്. ട്രംപിന്‍റെ അടുത്ത സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ല.
വിദേശകാര്യ മന്ത്രാലയം ആണ് വിവരം പങ്കുവച്ചത്. ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളുമായി അദ്ദേഹം സന്ദര്‍ശനത്തിനിടെ കൂടിക്കാഴ്‌ച നടത്തും. ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്ന സമിതിയുടെ ക്ഷണപ്രകാരമാണ് ജയശങ്കറിന്‍റെ സന്ദര്‍ശനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്‍റ് കമലാഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം വട്ടം പ്രസിഡന്‍റ് പദത്തില്‍ എത്തുന്നത്. ഇന്ത്യയോട് ട്രംപിന് അനുകൂല രാഷ്‌ട്രീയ കാഴ്‌ചപ്പാടാണ് ഉള്ളതെന്ന് കഴിഞ്ഞ മാസം ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റു രാജ്യങ്ങളെക്കാള്‍ ഉപരി ഇന്ത്യയുമായി ആഴത്തിലുള്ള ഒരു ബന്ധത്തിന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്രംപ് ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്തുകയും ഉഭയകക്ഷി ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുമെന്ന് ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
ജെ ഡി വാന്‍സ് ആണ് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്‍റ്. അദ്ദേഹവും ജനുവരി ഇരുപതിന് തന്നെയാണ് ചുമതലയേല്‍ക്കുന്നത്. ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികള്‍ക്ക് പുറമെ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞയ്‌ക്കെത്തുന്ന മറ്റുചില പ്രമുഖരുമായും ജയശങ്കര്‍ കൂടിക്കാഴ്‌ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളിന്‍റെ ട്വീറ്റില്‍ പറയുന്നു.
— Randhir Jaiswal (@MEAIndia) January 12, 2025 (@MEAIndia) വിവിധ വിഷയങ്ങളില്‍ ട്രംപ് ഭരണകൂടം കൈക്കൊള്ളാനിടയുള്ള നയം സംബന്ധിച്ച് പല രാജ്യങ്ങളും ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നികുതി, കാലാവസ്ഥ വ്യതിയാനം, റഷ്യ-യുക്രെയ്‌ന്‍ യുദ്ധത്തിന്‍റെയും പശ്ചിമേഷ്യയിലെ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ കൈക്കൊള്ളാവുന്ന ആഗോളതലത്തിലുള്ള വിദേശനയം തുടങ്ങിയ വിഷയങ്ങളിലാണ് മറ്റ് രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്.
അതേസമയം, രണ്ടാം തവണയാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റ് പദത്തിലെത്തുന്നത്. 2017 ജനുവരി മുതല്‍ 2021 ജനുവരി വരെ ട്രംപ് രാജ്യത്തെ 45-ാമത് പ്രസിഡന്‍റായിരുന്നു. കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി പദം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായതിന് കാരണം അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തുന്നു എന്നതാണെന്ന വിലയിരുത്തലുമുണ്ട്.
കാനഡയുടെ പല നയങ്ങളോടും ട്രംപിന് കാര്യമായ എതിര്‍പ്പുണ്ട്. ഡൊണാള്‍ഡ് ട്രംപിന്‍റെ കണ്ണിലെ കരടാണ് ട്രൂഡോ എന്നതാണ് സഖ്യകക്ഷികള്‍ക്ക് ട്രൂഡോയെ അനഭിമതനാക്കിയത്. ട്രംപിന്‍റെ നികുതി വര്‍ധന ഭീഷണിയും ട്രൂഡോയ്ക്ക് തിരിച്ചടിയായി. ട്രൂഡോ രാജി വച്ചതോടെ കാനഡയ്ക്കുള്ള നികുതിയിളവുകളുമായി ട്രംപ് രംഗത്ത് എത്തിയതും രാജ്യാന്തര രാഷ്‌ട്രീയത്തിലെ ചില നിര്‍ണായക നീക്കമായി വിലയിരുത്തുന്നു.
Also Read:വിദേശവസ്‌തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്നത് ഇന്ത്യ; അധികാരത്തിലെത്തിയാല്‍ ഇതിന് മാറ്റമുണ്ടാക്കുമെന്നും ഡൊണാള്‍ഡ് ട്രംപ്