ന്യൂഡൽഹി :നിയമ രംഗത്തും നീതി ന്യായ വ്യവസ്ഥയിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ നിർണായക പങ്ക് എടുത്ത് പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഗവേഷണവും ജുഡീഷ്യറിയും നവീകരിക്കുന്നതിൽ എഐ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡോ-സിംഗപ്പോർ ജുഡീഷ്യൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്‌റ്റിസ്.
ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് എടുത്തുപറഞ്ഞ ചന്ദ്രചൂഡ്, നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും നീതി പ്രോത്സാഹിപ്പിക്കാനും ഇരു രാജ്യങ്ങളും കാണിക്കുന്ന പ്രതിബദ്ധതയെ അഭിനന്ദിച്ചു. വ്യത്യസ്‌ത നിയമ സംവിധാനങ്ങൾക്കിടയിൽ ക്രോസ്-കൾച്ചറൽ എക്‌സ്‌ചേഞ്ചും പരസ്പര പഠനവും വളർത്തുന്നതിൽ ജുഡീഷ്യൽ ഡയലോഗുകൾ പ്രധാന പങ്ക് വഹിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'അതിവേഗം വികസിക്കുന്ന രണ്ട് രാഷ്‌ട്രങ്ങൾ എന്ന നിലയിൽ, ഇന്ത്യയും സിംഗപ്പൂരും നീതിന്യായ വ്യവസ്ഥകളെ നവീകരിക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ തിരിച്ചറിയണമെന്ന് സിജെഐ പറഞ്ഞു. ഓൺലൈൻ തർക്ക പരിഹാര പ്ലാറ്റ്‌ഫോമുകളും ഇലക്‌ട്രോണിക് ഫയലിങ് സംവിധാനങ്ങളും പോലുള്ള അത്യാധുനിക സംരംഭങ്ങൾ സിംഗപ്പൂര് സ്വീകരിച്ചതിനെ അദ്ദേഹം പ്രശംസിച്ചു. ആഗോള സാങ്കേതിക വിദ്യയുടെയും ഇന്നൊവേഷന്‍റെയും ഹബ്ബായി സിംഗപ്പൂര് ഉയർന്നു വരുന്നതിനെ അദ്ദേഹം അഭിനനിന്ദിച്ചു.
ജുഡീഷ്യറിയെ ആധുനികവൽക്കരിക്കുന്നതില്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഇന്ത്യയുടെ മുന്നേറ്റങ്ങളെയും
ചീഫ് ജസ്റ്റിസ് പ്രശംസിച്ചു. ഇ-കോടതി പദ്ധതി പോലുള്ള സംരംഭങ്ങളെ പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. 'ഇന്ത്യയ്ക്ക് ഊർജ്ജസ്വലമായ ഒരു സാങ്കേതിക വ്യവസ്ഥയും സമ്പന്നമായ ഒരു നിയമ പാരമ്പര്യവും ഉണ്ട്. ഒരു ബില്യണിലധികം ജന സംഖ്യയുള്ളതും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും ഉള്ള ഇന്ത്യ, നീതി ന്യായ വ്യവസ്ഥയിൽ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിന് ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.
ഉദാഹരണത്തിന്, ഇ-കോടതികൾ പദ്ധതിയിലൂടെ കോടതി പ്രക്രിയകൾ കംപ്യൂട്ടറൈസ് ചെയ്യുക, കേസ് രേഖകൾ ഡിജിറ്റൈസ് ചെയ്യുക, ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും ഓൺലൈൻ കേസ് മാനേജ്‌മെന്‍റ് സംവിധാനങ്ങൾ സ്ഥാപിക്കുക, ഭരണപരമായ ചുമതലകൾ ഓട്ടോമേറ്റ് ചെയ്യുക എന്നിവ നടക്കുന്നു. ഇ-കോടതികൾ നിയമ നടപടികളുടെ വേഗവും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ആത്യന്തികമായി എല്ലാ പൗരന്മാർക്കും നീതി ലഭ്യമാക്കുകയും ചെയ്യുന്നു.'- ചന്ദ്രചൂഡ് പറഞ്ഞു.