പൂനെ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് ബിജെപിയുടെ മാത്രം ആവശ്യമായിരുന്നില്ലെന്നും, ശിവസേനയും കോണ്‍ഗ്രസുമടക്കം ക്ഷേത്രത്തിന്‍റെ പങ്കാളികളായിരുന്നുവെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. രാമക്ഷേത്ര നിര്‍മാണത്തിന് ശേഷമുള്ള സാമുദായിക തര്‍ക്കങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ക്ഷേത്ര - മസ്‌ജിദ് തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് സഞ്ജയ് റാവത്തിന്‍റെ പ്രസ്‌താവന.
'രാമക്ഷേത്രം ഈ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. ആ ക്ഷേത്രത്തിന്‍റെ നിര്‍മാണത്തിനായി എല്ലാവരും സംഭാവന നൽകിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബിജെപിയും പ്രധാനമന്ത്രി മോദിയും മാത്രമല്ല, ആർഎസ്എസ്, ബിജെപി, ശിവസേന, വിഎച്ച്പി, ബജ്റംഗ്‌ദൾ, കോൺഗ്രസ് എന്നിവരും ക്ഷേത്ര നിര്‍മാണത്തിന് സംഭാവന നൽകി.
ക്ഷേത്രം പണിതതുകൊണ്ട് മാത്രം ആർക്കും നേതാവാകാൻ കഴിയില്ല എന്നത് ശരിയാണ്. ഈ രാഷ്‌ട്രം ഒരു ക്ഷേത്രമാണ്, നിങ്ങൾ അത് പണിയണം... മോഹൻ ഭഗവത്, നിങ്ങളാണ് ഇത്തരക്കാരെ അധികാരത്തിലെത്തിച്ചത്. അതിനാൽ ഇപ്പോൾ നിങ്ങൾ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം,' എന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു.
രാജ്യത്ത് ഐക്യവും സമാധാനവും ഉണ്ടാകണമെന്നാണ് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തത്. പൂനെയില്‍ ഹിന്ദു സേവ മഹോത്സവത്തില്‍ പങ്കെടുക്കവേയായിരുന്നു മോഹന്‍ ഭാഗവത്തിന്‍റെ പരാമര്‍ശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഭക്തിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍, രാമക്ഷേത്രം എന്നത് നിര്‍മിക്കേണ്ടത് തന്നെയാണ്. അത് സംഭവിച്ചു. അത് ഹിന്ദുക്കളുടെ ഭക്തിയുടെ ഇടമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ വീണ്ടും ഭിന്നതകൾ സൃഷ്‌ടിക്കരുത്' - മോഹന്‍ ഭാഗവത് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പിന്നാലെ ചില വ്യക്തികൾ ഇത്തരം പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ഹിന്ദുക്കളുടെ നേതാക്കളാകാൻ ശ്രമിക്കുന്നു എന്നും ആര്‍എസ്‌എസ് നേതാവ് പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
രാജ്യത്തെ എല്ലാ സമുദായങ്ങളും തുല്യരാണെന്നും മോഹന്‍ ഭാഗവത് എടുത്തു പറഞ്ഞു. 'ആരാണ് ന്യൂനപക്ഷം, ആരാണ് ഭൂരിപക്ഷം? ഇവിടെ എല്ലാവരും തുല്യരാണ്. എല്ലാവർക്കും അവരവരുടെ ആരാധനാരീതികൾ പിന്തുടരാം എന്നതാണ് ഈ രാജ്യത്തിന്‍റെ പാരമ്പര്യം. എല്ലാവരും ഒരുമിച്ച് ജീവിക്കുകയാണ് വേണ്ടത്'- മോഹന്‍ ഭാഗവത് പറഞ്ഞു.