ന്യൂഡൽഹി:പാഴ്‌സൽ വഴി ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയ കോടികളുടെ സ്വർണവും വെള്ളിയും പിടിച്ചെടുത്തു. 16.67 കിലോ സ്വർണവും 39.73 കിലോ വെള്ളിയുമാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പിടികൂടിയത്. ഇലക്ട്രിക് മീറ്ററുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണവും വെള്ളിയും. ഇവയ്ക്ക് ഏകദേശം 10.66 കോടി രൂപ വിപണി മൂല്യമുള്ളതായി ഡിആർഐ പത്രക്കുറിപ്പിൽ പറഞ്ഞു (DRI Seized Gold and Silver Worth 10 Crore).
ഇന്നലെയാണ് (ഞായർ) മീറ്ററുകൾ അടങ്ങിയ പാഴ്‌സൽ ഹോങ്കോങ്ങിൽ നിന്ന് ന്യൂഡൽഹിയിലെ ഫോറിൻ പോസ്‌റ്റ് ഓഫീസിൽ എത്തിയത്. എട്ട് പെട്ടികളിലായി 56 ഇലക്ട്രിക് മീറ്ററുകളാണ് ഇറക്കുമതി ചെയ്‌തത്. പരിശോധിച്ചപ്പോൾ ഇലക്ട്രിക് മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തി, യഥാർത്ഥ സർക്യൂട്ട് ബോർഡുകൾ തന്നെയാണ് ഇതിനുള്ളിൽ ഉണ്ടായിരുന്നത്. എന്നാലേക പ്രാഥമിക പരിശോധനയിൽ ഇവയ്ക്ക് അസാധാരണമായ ഭാരം അനുഭവപ്പെട്ടതാണ് സംശയം ജനിപ്പിച്ചത് (Gold Smuggling via Parcel).
"ഈ 56 ഇലക്ട്രിക് മീറ്ററുകളുടെ പുറം കവറുകൾ കറുപ്പ് നിറത്തിൽ പെയിൻ്റ് ചെയ്‌തു. കവറുകളുടെ പെയിൻ്റ് ചുരണ്ടിയപ്പോൾ, ഉരുക്കിന് സമാനമായ വെളുത്ത നിറമുള്ള ലോഹം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ കവറുകൾ സ്വർണവും വെള്ളിയും കൊണ്ടുള്ള, ഏകദേശം 30:70 എന്ന അനുപാതത്തിലുള്ള ലോഹസങ്കരം (അലോയ്) കൊണ്ട് നിർമ്മിച്ചതാണെന്ന് കണ്ടെത്തി.” ഡിഐആർഐ വ്യക്തമാക്കി.
സുസംഘടിതമായ സംഘമാണ് സ്വർണക്കടത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അവർ സ്വർണത്തിൻ്റെ നിറം മഞ്ഞയിൽ നിന്ന് വെള്ളയിലേക്ക് മാറ്റാൻ വെള്ളിയിൽ അലോയ് ചെയ്യാറുണ്ടായിരുന്നു. ഈ വെള്ള നിറത്തിലുള്ള അലോയ് ഇലക്ട്രിക് മീറ്ററിൻ്റെ കവർ നിർമ്മിക്കാൻ ഉപയോഗിച്ചു, സംശയം തോന്നാതിരിക്കാൻ കറുപ്പ് പെയിൻ്റ് അടിച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിആർഐ വൃത്തങ്ങൾ അറിയിച്ചു.