ദോഡ (ജമ്മു കശ്‌മീർ) :ദോഡയിലെ ഏറ്റുമുട്ടലിനുശേഷം നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്‌മീര്‍ പൊലീസ്. ഭാദേർവ, താത്രി, ഗണ്ഡോ എന്നീ സ്ഥലങ്ങളിൽ പതിയിരിക്കുന്നതായി പൊലീസ് കണക്കാക്കുന്ന ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ വീതം 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വിവരം നൽകുന്നയാളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും എന്ന് ജമ്മു കശ്‌മീർ പൊലീസ് എക്‌സിലൂടെ അറിയിച്ചു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചോ നീക്കത്തെക്കുറിച്ചോ വിവരങ്ങൾ നൽകാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അതിനിടെ, ദോഡയിലെ ഗണ്ഡോ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കുകയും പരിശോധന നടത്തുകയും ചെയ്‌തു. പൊലീസ് സുരക്ഷയും വാഹന പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്.
നേരത്തെ, ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (എസ്ഒജി) ഒരു കോൺസ്‌റ്റബിളിന് പരിക്കേറ്റതായി ജമ്മു കശ്‌മീർ പൊലീസ് അറിയിച്ചിരുന്നു.