മുംബൈ:പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. മകൾ പിയ ബെനഗലാണ് മരണ വിവരം അറിയിച്ചത്. വൈകിട്ട് ആറരയോടെ മുംബൈയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.
എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ പടര്‍ന്നു പിടിച്ച സമാന്തര സിനിമയുടെ അമരക്കാരനാണ് ശ്യാം ബെനഗൽ. മുഖ്യധാരാ സിനിമയുടെ കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി റിയലിസവും സാമൂഹിക പ്രതിബദ്ധതയും ഇഴചേര്‍ന്നതായിരുന്നു ബെനഗലിന്റെ ചലചിത്രങ്ങള്‍. സെലിബ്രിറ്റി സംവിധായകരുടെ സിനിമാ ആകാശത്തിനിടയിൽ ധ്രുവനക്ഷത്രമായി ശ്യാം ബെനഗൽ ഉദിച്ചു നിന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ശ്യാം ബെനഗലിന്റെ 'അങ്കുർ' (1973), 'നിഷാന്ത്' (1975), 'മന്ഥൻ' (1976), 'ഭൂമിക' (1977) എന്നിവയിലൂടെയാണ് ഇന്ത്യന്‍ മിഡില്‍ സിനിമയുടെ ആരംഭമുണ്ടാകുന്നത്. കലാമൂല്യം മുന്നിട്ട് നില്ക്കുന്നതും അതേസമയം വാണിജ്യപരമായി നേട്ടമുണ്ടാക്കിയതുമാണ് ബെനഗല്‍ സിനിമകള്‍.