ന്യൂഡൽഹി: ലൈംഗിക വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട കേസിലകപ്പെട്ട ജെഡി(എസ്) നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പോകുന്നതിന് തങ്ങളിൽ നിന്ന് അനുമതി തേടുകയോ അതു നൽകുകയോ ചെയ്‌തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യാഴാഴ്‌ച വ്യക്തമാക്കി. നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ജർമ്മനിയിലേക്ക് പോകുന്നതിന് വിസ ആവശ്യമില്ലെന്നും എംഇഎ കൂട്ടിച്ചേർത്തു. നൂറുകണക്കിന് സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം നേരിടുന്ന രേവണ്ണയെ അറസ്റ്റ് ചെയ്യാൻ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിൻ്റെ പരാമർശം.
ലൈംഗിക ആരോപണത്തെ തുടർന്ന് ഏപ്രിൽ 26-നാണ് രേവണ്ണ ജർമ്മനിയിലേക്ക് കടന്നത്. തൻ്റെ നയതന്ത്ര പാസ്‌പോർട്ട് ഉപയോഗിച്ചാണ് ഇയാൾ യാത്ര ചെയ്‌തതെന്നാണ് റിപ്പോർട്ട്. രേവണ്ണയ്‌ക്കെതിരായ കേസ് അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. രേവണ്ണയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വിദേശ കാര്യമന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.
പ്രജ്വൽ തൻ്റെ നയതന്ത്ര പാസ്‌പോർട്ട് വിദേശയാത്രയ്‌ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് റദ്ദാക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒളിവിൽ കഴിയുന്ന പാർലമെൻ്റ് അംഗത്തിൻ്റെ വേഗത്തിലുള്ള തിരിച്ചുവരവ് ഉറപ്പാക്കാൻ ഇന്ത്യ ഗവൺമെൻ്റിൻ്റെ നയതന്ത്ര ഉദ്യോഗസ്ഥരും, പൊലീസ് ഫോഴ്‌സും ഒപ്പം അന്താരാഷ്‌ട്ര പൊലീസ് ഏജൻസികളും ഉൾപ്പടെയുള്ളവര്‍ നടപടി സ്വീകരിക്കണെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
എന്താണ് നയതന്ത്ര പാസ്പോർട്ട്?
'ടൈപ്പ് ഡി' പാസ്‌പോർട്ട് എന്നറിയപ്പെടുന്ന, നയതന്ത്ര പാസ്‌പോർട്ടുകൾ ഇന്ത്യൻ നയതന്ത്രജ്ഞർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാരിനുവേണ്ടി ഔദ്യോഗിക യാത്ര നടത്താൻ അധികാരമുള്ള തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കുമാണ് നൽകുന്നത്. സാധാരണ പാസ്‌പോർട്ടിൻ്റെ നിറം നീലയാമെങ്കിൽ ഒരു ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിൻ്റെ നിറം മെറൂൺ ആണ്.