ധൻബാദ്:ബോർഡ് പരീക്ഷയ്ക്ക് മുമ്പ് 'പെൻ ഡേ' ആഘോഷിച്ച പത്താം ക്ലാസ് വിദ്യാർഥിനികളെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷർട്ട് ഊരിച്ച് വീട്ടിലേക്ക് അയച്ചതായി പരാതി. ജാർഖണ്ഡിലെ ധൻബാദിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ജനുവരി 9 ന് ആണ് സംഭവം. മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ ബോർഡ് പരീക്ഷകൾക്ക് മുമ്പുള്ള സ്‌കൂളിലെ അവസാന ദിനം ആഘോഷിക്കാനാണ് 'പെൻ ഡേ' സംഘടിപ്പിച്ചത്. സ്‌കൂളിലെ അവസാന ദിനം വിദ്യാർഥികൾ പരസ്‌പരം ഷർട്ടുകളിൽ ആശംസകൾ എഴുതുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ കുട്ടികളുടെ ആഘോഷത്തെ സ്‌കൂൾ പ്രിൻസിപ്പാള്‍ ദേവശ്രീ ശക്തമായി എതിർത്തിരുന്നു എന്ന് ചില മാതാപിതാക്കള്‍ പറഞ്ഞു.
'പെൻ ഡേ' ആഘോഷിച്ചതിന് പ്രിന്‍സിപ്പാള്‍ ആദ്യം പെൺകുട്ടികളെ ശകാരിക്കുകയും പിന്നീട് പത്താം ക്ലാസിലെ 80 ഓളം പെൺകുട്ടികളുടെ ഷർട്ട് ഊരാൻ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. വിദ്യാർഥിനികളെ ഷർട്ട് ധരിക്കാൻ അനുവദിക്കാതെ ബ്ലേസറുകൾ മാത്രം ധരിച്ച് വീട്ടിലേക്ക് അയച്ചതായും മാതാപിതാക്കള്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തിന് പിന്നാലെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രിൻസിപ്പാളിനെതിരെ കർശന നടപടി എടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പ്രിൻസിപ്പലിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് (11-01-2025) ഡെപ്യൂട്ടി കമ്മീഷണറുടെ (ഡിസി) ഓഫീസിന് പുറത്ത് തടിച്ചുകൂടി.