ന്യൂഡൽഹി :ഇന്ത്യയിൽ എംപോക്‌സ് വലിയ തോതിൽ പടരാനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡയറക്‌ടർ ജനറൽ ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഡോ അതുൽ ഗോയൽ പറഞ്ഞു. ലോകാരോഗ്യ സംഘടന ഈ മാസം ആദ്യം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡോ അതുൽ ഗോയലിന്‍റെ പ്രസ്‌താവന.
ആഫ്രിക്കയുടെ പല ഭാഗങ്ങളിലും രോഗവ്യാപനം തീവ്രമായതിനെ തുടർന്ന് ഓഗസ്റ്റ് 14-ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌താൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളിലേക്ക് ഇന്ത്യയും കടന്നത്. എന്നാൽ ഇന്ത്യയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് എൻസിഡിസി (നാഷണൽ സെന്‍റർ ഫോർ ഡിസീസ് കണ്ട്രോൾ)യുടെ വിലയിരുത്തൽ. രോഗസാധ്യതയുള്ള വ്യക്തികളെ ഐസൊലേറ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ടെന്ന് ഡിജിഎച്ച്എസ് ഡോ അതുൽ ഗോയൽ പറഞ്ഞു.
എംപോക്‌സ് കണക്കുകൾ ഇതുവരെ :ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ 2022 മുതൽ 116 രാജ്യങ്ങളിൽ നിന്ന് 99,176 കേസുകളും 208 മരണങ്ങളും എംപോക്‌സ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിയിലും എംപോക്‌സ് കേസുകൾ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ മൊത്തം കേസുകളുടെ എണ്ണം ഈ വർഷം ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്‌തുകഴിഞ്ഞു.