ന്യൂഡല്‍ഹി: ഒരാഴ്‌ചയോളം നീണ്ട കടുത്ത മലിനീകരണത്തോതില്‍ നിന്ന് ഡല്‍ഹിക്ക് നേരിയ ആശ്വാസം. നഗരത്തിലെ വായുമലിനീകരണത്തോത് ചെറിയ രീതിയില്‍ മെച്ചപ്പെട്ടു. എങ്കിലും ഇപ്പോഴും വളരെ മോശം അവസ്ഥയിലാണ് നഗരത്തിലെ അന്തരീക്ഷ മലിനീകരണമുള്ളത്. ഏറ്റവും ഉയര്‍ന്ന തണുപ്പും നഗരത്തില്‍ രേഖപ്പെടുത്തി.
നഗരത്തിലെ കുറഞ്ഞ താപനില10.2 ഡിഗ്രി സെല്‍ഷ്യസിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ ശരാശരി താപനിലയായ 2.1 ഡിഗ്രിയിലും താഴെയെത്തി നില്‍ക്കുന്നുവെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍ പ്രകാരം രാവിലെ ഒന്‍പത് മണിക്ക് നഗരത്തില്‍ രേഖപ്പെടുത്തിയ വായുഗുണനിലവാര സൂചിക 376 ആണ്. പകല്‍ സമയം നേരിയ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച ഡല്‍ഹിയിലെ വായുമലിനീകരണത്തോത് അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് ഗ്രാപ് 4 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും തിങ്കളും ചൊവ്വയും സ്ഥിതി ഏറെ മോശമായി തന്നെ തുടര്‍ന്ന് സെവന്‍ പ്ലസ് വിഭാഗത്തിലെത്തി. വായുഗുണനിലവാര സൂചിക 450 കടന്നിരുന്നു.
എന്നാല്‍ ബുധനാഴ്‌ചയോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. എങ്കിലും ഗുരുതര വിഭാഗത്തില്‍ തന്നെ തുടര്‍ന്നു.
വായു ഗുണനിലവാര സൂചിക പൂജ്യത്തിനും അന്‍പതിനും ഇടയിലാകുന്നതാണ് നല്ലത്. 51നും നൂറിനുമിടയില്‍ തൃപ്‌തികരവും 101നും 200നുമിടയില്‍ മിതവുമാണ്. 201നും മുന്നൂറിനുമിടയില്‍ മോശവും 301നും നാനൂറിനുമിടയില്‍ വളരെ മോശവും 401നും അഞ്ഞുറിനുമിടയില്‍ വായുഗുണനിലവാര സൂചിക കടുത്തതുമാണ്.
നഗരത്തിലെ ഏറ്റവും ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. രാവിലെ 8.30ന് നഗരത്തിലെ അന്തരീക്ഷ ആര്‍ദ്രത 80ശതമാനമായിരുന്നു.
വായുഗുണനിലവാര സൂചിക കടുത്ത വിഭാഗത്തിലെത്തിയതോടെ രാജ്യതലസ്ഥാനത്ത് നിര്‍മ്മാണങ്ങള്‍ അടക്കം നിര്‍ത്തി വയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
സർക്കാർ ഉത്തരവനുസരിച്ച്, അവശ്യ വസ്‌തുക്കൾ കൊണ്ടുപോകുന്നതോ ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നതോ (LNG/CNG/BS-VI ഡീസൽ/ഇലക്ട്രിക്) അല്ലാത്ത ട്രക്കുകളൊന്നും ഡൽഹിയിലേക്ക് കടക്കാന്‍ അനുമതിയില്ല.
ഇലക്‌ട്രിക് വാഹനങ്ങളും സിഎൻജി, ബിഎസ്-VI ഡീസൽ വാഹനങ്ങളും ഒഴികെ ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്‌തിരിക്കുന്ന അവശ്യേതര ചെറു വാണിജ്യ വാഹനങ്ങളും നിരോധിച്ചു. അവശ്യ സർവീസുകൾക്ക് ഒഴികെ, ഡൽഹിയിൽ രജിസ്റ്റർ ചെയ്‌ത ബിഎസ്-IV, പഴയ ഡീസൽ, മീഡിയം - ഹെവി ഗുഡ്‌സ് വാഹനങ്ങൾക്കും നിരോധനമുണ്ട്.
Also Read:സ്‌കൂളുകള്‍ക്ക് അവധി, കൂടുതല്‍ നിയന്ത്രണങ്ങള്‍; ഡല്‍ഹിയിലെ സ്ഥിതി അതീവഗുരുതരം