ന്യൂഡൽഹി : രോഹിണിയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിൽ നടന്ന സ്‌ഫോടനത്തിൽ അന്വേഷണം ഖലിസ്ഥാൻ സംഘടനകളിലേക്ക്. സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങൾ എഴുതിയ 'ജസ്‌റ്റിസ് ലീഗ് ഇന്ത്യ' എന്ന ടെലഗ്രാം ചാനലിന്‍റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ടെലഗ്രാമിന് കത്തയച്ചു.
അതേസമയം ഡൽഹി പൊലീസ് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിരീക്ഷിച്ചും വിവരങ്ങൾ തേടുന്നുണ്ട്. സ്‌ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ടെലഗ്രാം ചാനലിൽ പോസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് ഡൽഹി പൊലീസ് കത്ത് എഴുതിയത്. എന്നാൽ, ടെലഗ്രാമിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
'ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകയ്‌ക്കെടുത്ത് ഞങ്ങളുടെ ശബ്‌ദം നിശബ്‌ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യമാക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കും എന്നുമാണ് ഈ സ്ഫോടനത്തിലൂടെ ഉദ്ദേശിക്കുന്നത്' എന്നാണ് ടെലഗ്രാം പോസ്‌റ്റിൽ പറയുന്നത്.
'ഇന്നലെ (ഒക്‌ടോബർ 20) രാവിലെ 07:47 നാണ് രോഹിണിയിലെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നുവെന്ന വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി. സമീപത്തെ കടകളുടെ ഗ്ലാസും കടയുടെ സമീപം പാർക്ക് ചെയ്‌തിരുന്ന കാറും തകർന്ന നിലയിൽ കണ്ടെത്തി' ഡൽഹി പൊലീസ് ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.