ന്യൂഡൽഹി : എഎപി രാജ്യസഭ എംപി സ്വാതി മലിവാളിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വീട്ടിൽ വച്ച് അദ്ദേഹത്തിന്‍റെ പിഎ ബിഭാവ് കുമാർ മർദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങൾ പകർത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വീട്ടിൽ സിസിടിവി സ്ഥാപിച്ച കമ്പനിക്ക് ഡൽഹി പൊലീസ് കത്തയച്ചതായി വൃത്തങ്ങൾ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ സിസിടിവി ദൃശ്യങ്ങളും പൊലീസ് സൂക്ഷ്‌മമായി പരിശോധിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കെജ്‌രിവാളിന്‍റെ വീടിന് പുറത്ത് എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പത്തോളം പൊലീസ് സംഘങ്ങളാണ് കേസിന്‍റെ മുഴുവൻ കാര്യങ്ങളും അന്വേഷിക്കുന്നത്. അതിൽ നാല് സംഘങ്ങള്‍ കെജ്‌രിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാറിന്‍റെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ലഭ്യമായ വിവരമനുസരിച്ച് ബിഭാവ് കുമാർ ഇപ്പോൾ പഞ്ചാബിലാണ്.
നോർത്ത് ഡിസ്ട്രിക്റ്റിൽ നിന്നുള്ള പൊലീസ് സംഘങ്ങളും മറ്റ് സംഘങ്ങളും കേസ് അന്വേഷണം ആരംഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ആദ്യം, പൊലീസ് സംഭവത്തിന്‍റെ ടൈംലൈൻ ഉണ്ടാക്കും, അതിനുശേഷം മെയ് 13 ന് സ്വാതി മലിവാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയ സമയം പരിശോധിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ വീട്ടിൽ കണ്ടുമുട്ടിയ എല്ലാവരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തും. സംഭവം നടന്ന ദിവസം സ്വാതി മലിവാൾ ക്യാബിലാണ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്, അതുകൊണ്ട് തന്നെ ക്യാബ് ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തും. മാത്രമല്ല മുഖ്യമന്ത്രിയുടെ വസതിയിൽ സ്വാതി മലിവാളിനെ കണ്ട എല്ലാവരുടെയും മൊഴികൾ ഡൽഹി പൊലീസ് രേഖപ്പെടുത്തും.