ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മർലേനക്കെതിരെ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പരിപാടിക്കായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ പിന്നീട് ഈ കേസ് ഒരു പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍റെ പേരിലേക്ക് മാറ്റി.
ഈ മാസം ഏഴിന് ഗോവിന്ദ്പുരി പൊലീസ് സ്‌റ്റേഷനില്‍ റിട്ടേണിങ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തത്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷം പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍റെ പേരിലേക്ക് കേസ് മാറ്റുകയായിരുന്നു. ഇദ്ദേഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍.
അതേസമയം ബിജെപി നേതാവ് പര്‍വേഷ് വര്‍മ്മ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ട് യാതൊരു നടപടിയും കൈക്കൊള്ളാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് അതിഷി ഇതിനോട് പ്രതികരിച്ചത്. രാജ്യം മുഴുവന്‍ കണ്ടതാണ് പര്‍വേഷ് വര്‍മ്മ എങ്ങനെയാണ് 1100 രൂപ വിതരണം ചെയ്‌തതെന്ന്. അദ്ദേഹത്തിന്‍റെ പേര് രേഖപ്പെടുത്തിയ കിടക്കവിരികളുടെ വിതരണവും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുകയായിരുന്നുവെന്നും രോഗികള്‍ക്കുള്ള സഹായധനം വിതരണം ചെയ്യുകയായിരുന്നുമെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ആരുടെ ഭാഗത്താണെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നതെന്നും അതിഷി ചൂണ്ടിക്കാട്ടി. വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത് പോലെ സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെുപ്പാണ് നടക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും അതിഷി മർലേന ഉയർത്തിക്കാട്ടി.